ഓട്ടവ : ശനിയാഴ്ച വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ശവസംസ്കാര ചടങ്ങിൽ ഗവർണർ ജനറൽ മേരി സൈമൺ കാനഡയെ പ്രതിനിധീകരിച്ച് പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. മുതിർന്ന പ്രതിനിധി സംഘത്തോടൊപ്പമായിരിക്കും ഗവർണർ ജനറൽ മേരി സൈമൺ ചടങ്ങിൽ പങ്കെടുക്കുക. ബാക്കിയുള്ള പ്രതിനിധി സംഘത്തെ അന്തിമമാക്കിയിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് പറഞ്ഞു. അതേസമയം ഏപ്രിൽ 28 തിങ്കളാഴ്ച ഫെഡറൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മാർപാപ്പയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കില്ലെന്ന് മാർക്ക് കാർണി അറിയിച്ചു.

കാനഡ സർക്കാർ ധനസഹായത്തോടെ കത്തോലിക്കാ സഭ നടത്തിയിരുന്ന സ്കൂളുകളിൽ ആദിവാസി, ഗോത്രവിഭാഗ കുട്ടികൾക്കെതിരെ നടന്ന ക്രൂരതയ്ക്ക് ക്ഷമാപണം നടത്തുന്നതിനായി ഫ്രാൻസിസ് മാർപാപ്പ 2022-ൽ കാനഡ സന്ദർശിച്ചിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ ഒന്നരലക്ഷത്തിലേറെ ആദിവാസി, ഗ്രോത വിഭാഗ കുട്ടികളെ ഇത്തരം റസിഡൻഷ്യൻ സ്കൂളിലേക്ക് നിർബന്ധപൂർവം പഠനത്തിന് അയച്ചുവെന്നാണു കണക്ക്. ഇവരിൽ ആയിരക്കണക്കിനു കുട്ടികൾ പഠനകാലത്തു മരിച്ചു. ഇത്തരം സ്കൂളുകളിലേറെയും നടത്തിയിരുന്നത് കത്തോലിക്കാ സഭാ മിഷനറി വിഭാഗങ്ങളാണ്.