ഓട്ടവ : 36 ദിവസത്തെ ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണം 32 ദിവസം പിന്നിടുമ്പോൾ കൺസർവേറ്റീവുകളെ അപേക്ഷിച്ച് ലിബറൽ പാർട്ടി അഞ്ച് പോയിൻ്റ് നേട്ടം സ്വന്തമാക്കിയതായി പുതിയ സർവേ റിപ്പോർട്ട്. നാനോസ് റിസർച്ച് ഏപ്രിൽ 20-22 തീയതികളിൽ നടത്തിയ പുതിയ സർവേ പ്രകാരം മാർക്ക് കാർണി നേതൃത്വം നൽകുന്ന ലിബറൽ പാർട്ടിക്ക് 44% ജനപിന്തുണ ലഭിച്ചതായി കണ്ടെത്തി. അതേസമയം, ദേശീയതലത്തിൽ കഴിഞ്ഞ സർവേയെ അപേക്ഷിച്ച് പിയേർ പൊളിയേവിന്‍റെ കൺസർവേറ്റീവുകളുടെ ജനപിന്തുണ രണ്ടു പോയിൻ്റ് ഉയർന്ന് 39 ശതമാനമായി. ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്കുള്ള ജനപിന്തുണ രണ്ടു പോയിൻ്റ് കുറഞ്ഞ് എട്ടു ശതമാനവും ബ്ലോക്ക് കെബെക്കോയിസ് (അഞ്ച് ശതമാനം), ഗ്രീൻ പാർട്ടി ഓഫ് കാനഡ (മൂന്ന് ശതമാനം), പീപ്പിൾസ് പാർട്ടി ഓഫ് കാനഡ (ഒരു ശതമാനം) എന്നിങ്ങനെയാണ് മറ്റു പാർട്ടികളുടെ ജനപിന്തുണയെന്നും നാനോസ് റിസർച്ച് സർവേ പറയുന്നു.

തിരഞ്ഞെടുപ്പ് ദിവസത്തിന് ഒരാഴ്‌ചയിൽ താഴെയുള്ളപ്പോൾ ജനപിന്തുണ നേടുന്നതിൽ ലിബറൽ-കൺസർവേറ്റീവ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതായി നാനോസ് റിസർച്ച് സിഇഒ നിക്ക് നാനോസ് പറയുന്നു. രണ്ടു ദിവസത്തെ ഫ്രഞ്ച്-ഇംഗ്ലീഷ് സംവാദങ്ങൾക്ക് ശേഷം എൻഡിപിക്കുള്ള ജനപിന്തുണ ഓരോ ദിവസവും കുറഞ്ഞുവരുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
പ്രാദേശികമായി, അറ്റ്ലാൻ്റിക്, ഒൻ്റാരിയോ, കെബെക്ക്, ബ്രിട്ടിഷ് കൊളംബിയ എന്നിവിടങ്ങളിൽ ലിബറലുകൾ മുന്നിലാണ്, അതേസമയം കൺസർവേറ്റീവ് പാർട്ടി പ്രൈറികളിൽ ആധിപത്യം പുലർത്തുന്നു. ഒൻ്റാരിയോയിൽ, ലിബറലുകളുടെ ലീഡ് അവസാന സർവേയിലെ 13-പോയിൻ്റ് നേട്ടത്തിൽ നിന്ന് എട്ട് പോയിൻ്റിലേക്ക് ഇടിഞ്ഞു. ലിബറലുകൾക്ക് കഴിഞ്ഞ സർവേയെ അപേക്ഷിച്ച് ഒരു പോയിൻ്റ് ഇടിവിൽ 48 ശതമാനത്തിലാണ് ജനപിന്തുണ. അതേസമയം നാല് പോയിൻ്റ് ഉയർന്ന് കൺസർവേറ്റീവുകളുടെ പ്രവിശ്യയിലെ ജനപിന്തുണ 40 ശതമാനത്തിലെത്തി. എൻഡിപിയുടെ പിന്തുണ നാല് പോയിൻ്റ് ഇടിഞ്ഞ് ഏഴ് ശതമാനത്തിലെത്തി. കെബെക്കിൽ ലിബറലുകൾ ലീഡ് തുടരുന്നു. 25% ജനപിന്തുണയുള്ള കൺസർവേറ്റീവുകളെ അപേക്ഷിച്ച് 42 ശതമാനമാണ് ലിബറൽ പാർട്ടിക്ക് കെബെക്കിലുള്ള ലീഡ്. 24% ജനപിന്തുണയുമായി ബ്ലോക്ക് കെബെക്കോയിസ് രണ്ടാം സ്ഥാനത്താണ്. പ്രയറികളിൽ, സർവേയിൽ പങ്കെടുത്തവരിൽ 55% പേരും കൺസർവേറ്റീവുകളെ പിന്തുണയ്ക്കുമ്പോൾ ലിബറലുകൾക്ക് 34 ശതമാനവും എൻഡിപിക്ക് ഒമ്പത് ശതമാനമാണ് പിന്തുണ. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ബ്രിട്ടിഷ് കൊളംബിയയിൽ വീണ്ടും ലിബറൽ പാർട്ടി ലീഡ് നേടിയതായി സർവേ കണ്ടെത്തി. കൺസർവേറ്റീവുകളുടെ 38 ശതമാനത്തേക്കാൾ 41 ശതമാനമായി ലിബറൽ പാർട്ടിയുടെ ജനപിന്തുണ ഉയർന്നു. അറ്റ്ലാൻ്റിക് മേഖലയിൽ ലിബറൽ ലീഡ് 58 ശതമാനമായി ശക്തമായി തുടരുന്നു. 32 ശതമാനമാണ് മേഖലയിലെ കൺസർവേറ്റീവുകളുടെ പിന്തുണ. എൻഡിപി ഏഴു ശതമാനവുമായി മേഖലയിൽ വളരെ പിന്നിലാണ്.

കനേഡിയൻ പൗരന്മാർ ആരെയാണ് പ്രധാനമന്ത്രിയാക്കാൻ ഇഷ്ടപ്പെടുന്നതെന്ന ചോദ്യത്തിന്, ലിബറൽ ലീഡർ മാർക്ക് കാർണിക്കുള്ള പിന്തുണ 14 പോയിൻ്റ് നേട്ടമുണ്ട്. സർവേയിൽ പങ്കെടുത്ത 49% പേർ അദ്ദേഹത്തെ പിന്തുണയ്ക്കുമ്പോൾ കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവിനെ 35% പേരും പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുക്കുന്നു. എൻഡിപി ലീഡർ ജഗ്മീത് സിങ് നാല് ശതമാനവുമായി മൂന്നാം സ്ഥാനത്താണ്.