കാൽഗറി : ഫെഡറൽ തിരഞ്ഞെടുപ്പ് ദിനത്തിൽ രാജ്യമെമ്പാടുമുള്ള വിദ്യാർത്ഥികൾ മോക്ക് വോട്ട് രേഖപ്പെടുത്തും. 2003 മുതൽ നടന്നുവരുന്ന ദേശീയ സമാന്തര തിരഞ്ഞെടുപ്പ് പരിപാടിയായ സ്റ്റുഡൻ്റ് വോട്ട് കാനഡയിലൂടെയാവും വിദ്യാർത്ഥികൾക്കുള്ള വോട്ടിങ് സാധ്യമാക്കുക. യഥാർത്ഥ കനേഡിയൻ ഫെഡറൽ തിരഞ്ഞെടുപ്പിനെ പ്രതിഫലിപ്പിക്കുന്നതായിരിക്കും മോക്ക് വോട്ടിങ്. വിദ്യാർത്ഥികളെ രാഷ്ട്രീയ പ്രതിബദ്ധതയുള്ളവരാക്കാനും ജനാധിപത്യ പങ്കാളിത്തം വളർത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികൾ അവരുടെ സ്കൂളുകളിലായിരിക്കും വോട്ട് രേഖപ്പെടുത്തുക. വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം ഇലക്ടറൽ ഡിസ്ട്രിക്റ്റ് അനുസരിച്ച് ഫലങ്ങൾ പരസ്യമായി പ്രസിദ്ധീകരിക്കും.
7,000 സ്കൂളുകളിലായി ഏകദേശം പത്ത് ലക്ഷം വിദ്യാർത്ഥികൾ വോട്ടെടുപ്പിൽ പങ്കെടുക്കും. കാനഡയിലെ പ്രാധാന പാർട്ടികളെയും അവരുടെ പ്ലാറ്റ്‌ഫോമുകളെയും കുറിച്ച് ചർച്ച ചെയ്യും. ഇവ കൂടാതെ മറ്റ് വിഷയങ്ങളും ചർച്ചയാവും. തങ്ങളുടെ പ്രാദേശിക തിരഞ്ഞെടുപ്പ് ജില്ലകളിലെ യഥാർത്ഥ സ്ഥാനാർത്ഥികൾക്കായിരിക്കും വിദ്യാർത്ഥികൾ വോട്ട് രേഖപ്പെടുത്തുക. ജനാധിപത്യ പ്രക്രിയയിലെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിദ്യാർത്ഥികളിൽ അഭിപ്രായ പ്രകടനത്തിനുള്ള ആത്മവിശ്വാസം വളർത്തിയെടുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

2021-ൽ നടന്ന വിദ്യാർത്ഥി വോട്ടെടുപ്പിൽ ലിബറൽ പാർട്ടി 118 സീറ്റുകൾ (24% ജനകീയ വോട്ട്) നേടി ന്യൂനപക്ഷ സർക്കാർ രൂപീകരിച്ചു. അതേസമയം, ഔദ്യോഗിക പ്രതിപക്ഷമെന്ന നിലയിൽ NDP 108 സീറ്റുകളാണ് (28% ജനകീയ വോട്ട്) നേടിയത്. വിദ്യാർത്ഥി വോട്ട് ഫലങ്ങൾ പലപ്പോഴും യഥാർത്ഥ പൊതുതെരഞ്ഞെടുപ്പ് ഫലങ്ങളെ അനുകരിക്കുന്നതായി കാണാം. ഇതിന് ഉദാഹരണമായിരുന്നു 2021 ൽ ലിബറൽ പാർട്ടി ന്യൂനപക്ഷ സർക്കാർ രൂപീകരിച്ചത്.