മൺട്രിയോൾ : പിയേർ പൊളിയേവ് എന്ന കരുത്തനായ നേതാവിന് കീഴിൽ കെബെക്കിൽ കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡയ്ക്കുള്ള പിന്തുണ വർധിക്കുന്നതായാണ് സൂചന. എന്നാൽ, തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, പാർട്ടിയ്ക്കുള്ള പിന്തുണയെ വോട്ടാക്കി മാറ്റാൻ ഇപ്പോഴും പാടുപെടുന്നുണ്ടെന്ന വസ്തുതയിലേക്കാണ് സർവേ ഫലങ്ങൾ വിരൽ ചൂണ്ടുന്നത്. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജിയ്ക്ക് മുൻപ് കാനഡയിൽ വരാനിരിക്കുന്നത് നീല തരംഗമാണെന്ന് പരക്കെ പ്രചാരണം നടന്നിരുന്നു. അന്ന് ട്രൂഡോ ഭരണത്തോടുള്ള ജനങ്ങളുടെ എതിർപ്പ് വോട്ടാക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലായിരുന്നു കൺസർവേറ്റിവുകൾ. എന്നാൽ, മാർക്ക് കാർണി ലിബറൽ നേതൃത്വത്തിലേക്ക് എത്തിയതോടെ കൺസർവേറ്റീവ് പാർട്ടിയുടെ പദ്ധതികൾ താളം തെറ്റിയതായി രാഷ്ട്രീയ നിരൂപകൻ സെബാസ്റ്റ്യൻ ഡാലെയർ അഭിപ്രായപ്പെട്ടു. മാർക്ക് കാർണി പ്രഭാവം കെബെക്കിലെ കൺസർവേറ്റീവ് അധികാര മോഹങ്ങൾക്കുമേൽ ആണിയടിച്ചതായാണ് അടുത്തിടെ പുറത്തിറങ്ങിയ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

കാനഡയിലെ മറ്റ് പ്രവിശ്യകളിലേതു പോലെ, യുഎസിൽ ഡോണൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെടുകയും കാനഡയെ ഭീഷണിപ്പെടുത്താൻ തുടങ്ങുകയും ചെയ്തപ്പോൾ കെബെക്ക് നിവാസികളുടെ വോട്ടിങ് താല്പര്യങ്ങളും അവർക്ക് ഫെഡറൽ തിരഞ്ഞെടുപ്പിനോടുള്ള മനോഭാവവും മാറിയതായും ഡാലെയർ നിരീക്ഷിച്ചു.
പതിറ്റാണ്ടുകളായി, കെബെക്കിൽ സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ കൺസർവേറ്റീവുകൾ തുടർന്ന് വരികയാണ്. പാർട്ടിയുടെ മുൻഗാമിയായ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡയ്ക്കുള്ള പ്രവിശ്യയുടെ പിന്തുണ 1980-കളിൽ ഉയർന്നിരുന്നു. 50 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് അന്ന് ബ്രയാൻ മൾറോണി തുടർച്ചയായി രണ്ട് തിരഞ്ഞെടുപ്പുകളിൽ അധികാരത്തിലെത്തിയത്. മുൻ എംപി ഗെറി വീനർ ആ നീലതരംഗത്തിന്‍റെ ഭാഗമായിരുന്നു. താൻ ഇതുവരെ വിട്ടുകൊടുത്തിട്ടില്ലെന്നും ഇത്തവണ ഒന്നോ രണ്ടോ സീറ്റുകൾ നേടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും വീനർ പറഞ്ഞു.

പൊളിയേവ് പാർട്ടി ലീഡറായി ചുമതലയേറ്റപ്പോൾ, കെബെക്കിൽ കൺസർവേറ്റീവുകൾക്കുള്ള പിന്തുണ 18 ശതമാനമായിരുന്നു. ജനുവരിയിൽ ഇത് 26 ശതമാനമായി ഉയർന്നു. എന്നാൽ ഇപ്പോൾ ജനപിന്തുണ 23 ശതമാനമായി കുറഞ്ഞു. പാർട്ടിക്ക് രണ്ട് സീറ്റുകൾ കൂടി ലഭിക്കുമെന്നാണ് പ്രവചനം. ഈ തിരഞ്ഞെടുപ്പിൽ പാർട്ടി ഏകദേശം 26-28% വരെ എത്തുന്നത് ഫലത്തെ സാരമായി ബാധിക്കുമെന്നും ഡാലെയർ കൂട്ടിച്ചേർത്തു.

സർവേ ഫലങ്ങളിൽ നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും കെബെക്ക് സിറ്റിയിൽ കൺസർവേറ്റീവുകൾക്ക് ഇപ്പോഴും കൃത്യമായ അടിത്തറയുണ്ട്. അതിനാൽ പാർട്ടിയ്ക്ക് പ്രതീക്ഷയ്ക്കു വകയുണ്ടെന്ന് പോൾസ്റ്റർ ഊന്നിപ്പറഞ്ഞു. അതേസമയം, പിയേർ പൊളിയേവിന്‍റെ വാഗ്ദാനങ്ങൾ മൺട്രിയോളിൽ കാര്യമായ ചലനം ഉണ്ടാക്കിയിട്ടില്ലെന്നു തന്നെയാണ് സർവേ ഫലങ്ങൾ പറയുന്നത്. ഏപ്രിൽ 28-നാണ് ഫെഡറൽ തിരഞ്ഞെടുപ്പ്.