ടൊറൻ്റോ : ഒൻ്റാരിയോ ഹാമിൽട്ടണിൽ ഇന്ത്യൻ വിദ്യാർത്ഥിനി വെടിയേറ്റ് മരിച്ച സംഭവത്തിൽ ഉൾപ്പെട്ടതായി കരുതുന്ന രണ്ട് വാഹനങ്ങൾ കണ്ടെടുത്തതായി ഹാമിൽട്ടൺ പൊലീസ്. കേസിൽ ഉൾപ്പെട്ട കറുത്ത മെഴ്സിഡീസ് എസ്‍യുവി, വെളുത്ത ഹ്യുണ്ടായ് എലാൻട്ര എന്നിവയാണ് കണ്ടെടുത്തത്. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഞായറാഴ്ച വടക്കുപടിഞ്ഞാറൻ ടൊറൻ്റോയിലെ റെസിഡൻഷ്യൽ ഏരിയയിൽ നിന്നാണ് എലാൻട്ര കണ്ടെത്തിയത്. സെൻട്രൽ ഹാമിൽട്ടണിലെ ഒരു വസതിയിൽ നടത്തിയ തിരച്ചിലിന് ശേഷം തിങ്കളാഴ്ച മെഴ്‌സിഡസ് കാർ കണ്ടെടുത്തതായും അധികൃതർ റിപ്പോർട്ട് ചെയ്തു. രണ്ട് വാഹനങ്ങളും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

മോഹോക് കോളേജ് വിദ്യാർത്ഥിനിയായ ഹർസിമ്രത് രൺധാവ (21) ആണ് രാത്രി ഏഴരയോടെ അപ്പർ ജെയിംസ് സ്ട്രീറ്റിലെ സൗത്ത് ബെൻഡ് റോഡ് ഏരിയയിലെ ബസ് സ്റ്റോപ്പിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. രണ്ട് വാഹനങ്ങളിലുണ്ടായിരുന്ന സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പിൽ അബദ്ധത്തില്‍ ഹർസിമ്രത് രൺധാവയുടെ ദേഹത്ത് വെടിയുണ്ട പതിച്ചതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഉദ്യോഗസ്ഥർ എത്തിയപ്പോൾ നെഞ്ചിൽ വെടിയേറ്റ നിലയിൽ വിദ്യാർത്ഥിനിയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. ഒരു കറുത്ത മെഴ്സിഡീസ് എസ്‍യുവിയിലെത്തിയവർ അവിടെയുണ്ടായിരുന്ന വെളുത്ത ഹ്യുണ്ടായ് എലാൻട്രയിലെ യാത്രികർക്കു നേരേ നിറയൊഴിക്കുകയായിരുന്നു. തിരിച്ചും വെടിവെപ്പുണ്ടായെന്നാണ് വിവരം. അതിനിടെയാണ് ഒരു വെടിയുണ്ട ഹർസിമ്രത്തിന്‍റെ ജീവനെടുത്തത്. ബസ് സ്റ്റോപ്പിനു സമീപത്തെ ഒരു വീടിന്‍റെ ജനാലയും വെടിവെപ്പിൽ തകർന്നിട്ടുണ്ട്.