ഫെഡറൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ആഴ്ചയിലേക്ക് കടക്കുമ്പോൾ, വിവിധ വിഭാഗങ്ങൾക്കായി നിരവധി വാഗ്ദാനങ്ങളാണ് മുൻ നിര കനേഡിയൻ പാർട്ടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്ലാറ്റ്‌ഫോമുകൾ ഫസ്റ്റ് നേഷൻസിന് വാഗ്ദാനം ചെയ്യുന്നത് എന്തൊക്കെയാണെന്ന് നോക്കാം.
അടിസ്ഥാന സൗകര്യങ്ങളും വ്യാപാരവും:
ഫസ്റ്റ് നേഷൻസ് കമ്മ്യൂണിറ്റികളുടെ സാമ്പത്തിക ഉന്നമനം സാധ്യമാക്കുക എന്നതിലാണ് കൺസർവേറ്റീവ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കമ്പനികൾക്ക് ഫെഡറൽ നികുതി പരിധി വിട്ടുകൊടുക്കുകയും ഇതിലൂടെ കമ്മ്യൂണിറ്റികളെ അവരുടെ വിഭവങ്ങളിലും വരുമാനത്തിലും നിയന്ത്രണം നിലനിർത്താൻ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഫസ്റ്റ് നേഷൻസ് ഫിസ്കൽ മാനേജ്മെന്റ് ആക്റ്റ് അവതരിപ്പിക്കുമെന്നും പാർട്ടി വാഗ്ദാനം ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാൽ, തദ്ദേശീയ കമ്മ്യൂണിറ്റികൾക്ക് കൂടുതൽ സാമ്പത്തിക സ്വയംഭരണവും അവരുടെ വിഭവങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരവും നൽകിക്കൊണ്ട് അവരെ ശാക്തീകരിക്കുക എന്നതാണ് ലക്ഷ്യം.
അതേസമയം, പ്രാദേശിക സാമ്പത്തിക പിന്തുണയിലൂടെ ഫസ്റ്റ് നേഷൻസ് കമ്മ്യൂണിറ്റികളിലെ സാമ്പത്തിക അവസരങ്ങൾ വികസിപ്പിക്കുന്നതും
നോർത്തേൺ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് സൃഷ്ടിക്കുക എന്നതുമാണ് എൻഡിപി വാഗ്ദാനം ചെയ്യുന്നത്.

ആർട്ടിക്കിലെ പരമാധികാരം:
തുറമുഖങ്ങൾ, റെയിൽവേകൾ, വിമാനത്താവളങ്ങൾ, ഹൈവേകൾ എന്നിവ വികസിപ്പിക്കുന്ന ട്രേഡ് ഡൈവേഴ്സിഫിക്കേഷൻ കോറിഡോർ ഫണ്ടിൽ 500 കോടി ഡോളർ നിക്ഷേപിക്കുമെന്ന വാഗ്ദാനവും കാനഡയുടെ ഈസ്റ്റ്-വെസ്റ്റ് വൈദ്യുതി ഗ്രിഡ് വികസിപ്പിക്കാനുള്ള പദ്ധതിയും ലിബറൽ പാർട്ടിയുടെ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുന്നു. ഇതിൽ തദ്ദേശീയ കമ്മ്യൂണിറ്റികളുടെ പങ്കാളിത്തം ഉൾപ്പെടുമെന്ന് ഉറപ്പാക്കുകയും ചെയ്യും.
അതേസമയം, ആർട്ടിക് തുറമുഖങ്ങൾ പ്രവർത്തനക്ഷമമാക്കാനും ഇവിടെ നിന്നുള്ള എണ്ണ കയറ്റുമതി അംഗീകരിക്കാനുമുള്ള പദ്ധതികളാണ് കൺസർവേറ്റീവ് പാർട്ടിയുടെ പ്ലാറ്റ്‌ഫോം മുന്നോട്ട് വയ്ക്കുന്നത്. കൂടാതെ, മാനിറ്റോബ ചർച്ചിലിലെ ഷിപ്പിങ് സീസൺ നീട്ടുന്നതും അവരുടെ വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു. എന്നാൽ, ഇൻയൂട്ട് കമ്മ്യൂണിറ്റിയുടെ സ്വയം നിർണ്ണയാവകാശത്തെ ബഹുമാനിക്കുകയും ആർട്ടിക് പോളിസി ഫ്രെയിംവർക്ക് വികസിപ്പിക്കുകയും ചെയ്യുമെന്ന് എൻഡിപി പറയുന്നു. നോർത്തേൺ കമ്മ്യൂണിറ്റികളിലെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതും പാർട്ടിയുടെ ലക്ഷ്യമാണ്.

കുടിവെള്ളം:
കുടിവെള്ളം ശുദ്ധീകരിക്കാനുള്ള ഫസ്റ്റ് നേഷൻസിന്റെ മനുഷ്യാവകാശം സ്ഥിരീകരിക്കുന്ന നിയമനിർമ്മാണം അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്യുമെന്ന് ലിബറൽ പാർട്ടി വാഗ്ദാനം ചെയ്യുമ്പോൾ, നിയമപരമായ ബാധ്യതയായി കണ്ടുകൊണ്ട് ഫസ്റ്റ് നേഷൻസിന് ശുദ്ധജലം നൽകുന്നതിനുള്ള പുതിയ ബിൽ അവതരിപ്പിക്കുമെന്നാണ് കൺസർവേറ്റീവ് പാർട്ടി പറയുന്നത്.
ക്ലീൻ വാട്ടർ ഇൻഫ്രാ സ്ട്രക്ച്ചറിലും തദ്ദേശീയരുടെ നേതൃത്വത്തിലുള്ള ജല മാനേജ്‌മെന്റ് പരിശീലനത്തിലും നിക്ഷേപം വർധിപ്പിച്ച് ദീർഘകാല ബോയിൽ വാട്ടർ അഡ്വൈസറിസ് അവസാനിപ്പിക്കുമെന്നാണ് എൻഡിപിയുടെ വാഗ്ദാനം.

UNDRIP
ഫസ്റ്റ് നേഷൻസ് ജനതയുടെ അവകാശങ്ങൾക്കായുള്ള കാനഡയുടെ നിയമങ്ങൾ ഐക്യരാഷ്ട്രസഭയുമായി (UNDRIP) യോജിപ്പിക്കുന്നതിനുള്ള ബിൽ മുൻ ലിബറൽ ഗവൺമെന്റ് പാസാക്കിയിരുന്നു. ഈ നിയമനിർമ്മാണത്തിന്റെ പ്രവർത്തന പദ്ധതി നടപ്പിലാക്കുമെന്ന് ലിബറൽ പാർട്ടിയുടെ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു. തദ്ദേശീയ ഭൂമിയുടെ അവകാശങ്ങളെ ബാധിക്കുന്ന തീരുമാനങ്ങൾക്ക് കൃത്യതയുള്ള നടപടികൾ കൈക്കൊള്ളുക എന്നതാണ് എൻഡിപി മുന്നോട്ട് വയ്ക്കുന്ന ആശയം. അതേസമയം, കൺസർവേറ്റീവുകൾ അവരുടെ പ്ലാറ്റ്ഫോമിൽ UNDRIP എന്ന വാക്ക് പരാമർശിക്കുന്നില്ല.

മുൻകൂർ വോട്ടെടുപ്പിലുണ്ടായ തള്ളിക്കയറ്റം കാനഡക്കാർക്ക് നല്ലൊരു സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള താല്പര്യത്തെ കാണിക്കുന്നതാണ്. 2021-ലെ കാനഡ തെരഞ്ഞെടുപ്പിൽ മുൻകൂർ വോട്ടെടുപ്പിൽ വോട്ട് ചെയ്ത 58 ലക്ഷം വോട്ടർമാരുമായി താരതമ്യം ചെയ്യുമ്പോൾ 25 ശതമാനം വർധന രേഖപ്പെടുത്തിയതായി ഇലക്ഷൻസ് കാനഡ റിപ്പോർട്ട് ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കവേ, വോട്ട് കൂട്ടാനുള്ള പ്രധാന പാർട്ടികളുടെ ശ്രമങ്ങൾ കനേഡിയൻ ജനത എങ്ങനെ എടുക്കുമെന്ന് ഏപ്രിൽ 28 ന് അറിയാം.