ഓട്ടവ : ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. താലിബാൻ സർക്കാർ ഉൾപ്പെടെ ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയപ്പോൾ ജി7 കൂട്ടായ്മയിലെ അംഗം കൂടിയായ കാനഡ മുപ്പതു മണിക്കൂറിലേറെ നീണ്ട മൗനത്തിനു ശേഷമാണ് ഔദ്യോഗികമായി പ്രതികരിക്കാൻ തയാറായത്.

‘ജമ്മു കശ്മീരിലെ ഭീകരാക്രമണം എന്നെ ഞെട്ടിച്ചു. നിരപരാധികളായ സാധാരണക്കാരെയും വിനോദസഞ്ചാരികളും കൊലപ്പെടുത്തുകയും പരിക്കേൽപ്പിക്കുകയും ചെയ്തത് അർത്ഥശൂന്യവും ഞെട്ടലുളവാക്കുന്ന ഹിംസാത്മക പ്രവൃത്തിയുമാണ്. കാനഡ ഈ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഭീകരാക്രമണത്തിന് ഇരകളായവരെയും അവരുടെ കുടുംബാംഗങ്ങളെയും അനുശോചനം അറിയിക്കുന്നു’ മാർക്ക് കാർണി സമൂഹമാധ്യമത്തിൽ എഴുതി. കനേഡിയൻ പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ് ഭീകരാക്രമണത്തെ അപലപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് മാർക്ക് കാർണിയുടെ പ്രതികരണം പുറത്തുവന്നത്.