ടൊറൻ്റോ : പിയേഴ്സൺ എയർപോർട്ടിൽ പീൽ റീജനൽ പൊലീസ് ഓഫീസർമാരുടെ വെടിയേറ്റ് 30 വയസ്സുള്ള യുവാവ് മരിച്ചതായി സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റ് (എസ്ഐയു). എയർപോർട്ടിൻ്റെ ടെർമിനൽ 1 ഡിപ്പാർച്ചേഴ്‌സ് ഏരിയയിൽ രാവിലെ ഏഴുമണിയോടെയാണ് വെടിവെപ്പ് നടന്നത്. ടെർമിനൽ 1-ൻ്റെ ഡിപ്പാർച്ചർ മേഖലയിൽ ഒരു എസ്‌യുവിയിൽ എത്തിയ യുവാവ് പീൽ റീജനൽ പൊലീസ് ഓഫീസർമാരുമായി ഏറ്റുമുട്ടിയതായി എസ്ഐയു അറിയിച്ചു.

യുവാവിന് നേരെ മൂന്ന് ഉദ്യോഗസ്ഥർ വെടിയുതിർത്തതായിഎസ്ഐയു പറഞ്ഞു. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും പൊതുസുരക്ഷയ്ക്ക് ഭീഷണിയില്ലെന്നും SIU കൂട്ടിച്ചേർത്തു. അന്വേഷണം നടക്കുന്നതിനാൽ ഹൈവേ 409 മുതൽ ടെർമിനൽ 1 വരെ അടച്ചതായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് (OPP) അറിയിച്ചു. ടെർമിനൽ എപ്പോൾ പൂർണ്ണമായി തുറക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. യാത്രക്കാരെയും വാഹനങ്ങളെയും ടി1 അറൈവൽ വഴി പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും വഴിതിരിച്ചുവിട്ടതായി എയർപോർട്ട് വക്താവ് അറിയിച്ചു. അന്വേഷണം നടക്കുന്നതിനാൽ വിമാനത്താവളത്തിലേക്കുള്ള ടിടിസി ബസ് ടെർമിനൽ 3 ലേക്ക് വഴിതിരിച്ചുവിട്ടിരുന്നെങ്കിലും പിന്നീട് പതിവ് സർവീസ് പുനരാരംഭിച്ചു.