ടൊറൻ്റോ : കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പ്രവിശ്യയിൽ 95 പുതിയ അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തതായി പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. കഴിഞ്ഞ ഒക്ടോബറിൽ പ്രവിശ്യയിലാദ്യമായി അഞ്ചാംപനി സ്ഥിരീകരിച്ച ശേഷം ഇതുവരെ ആകെ 1,020 പേർ അണുബാധിതരായതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

തെക്കുപടിഞ്ഞാറൻ ഒൻ്റാരിയോയിലാണ് പുതിയ കേസുകളിൽ പലതും റിപ്പോർട്ട് ചെയ്യുന്നത്. രോഗ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ലാത്ത വ്യക്തികൾക്കുണ്ടാകുന്ന അണുബാധ മൂലമാണ് കേസുകൾ വർധിച്ചുവരുന്നതെന്നും ഏജൻസി പറയുന്നു. ശിശുക്കളിലും കുട്ടികളിലും കൗമാരക്കാരിലുമാണ് ഒൻ്റാരിയോയിലെ മൊത്തം അഞ്ചാംപനി കേസുകളിൽ മുക്കാൽ ഭാഗവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആൽബർട്ട, ബ്രിട്ടിഷ് കൊളംബിയ, മാനിറ്റോബ, ഒൻ്റാരിയോ, കെബെക്ക്, സസ്കാച്വാൻ എന്നീ ആറ് പ്രവിശ്യകളിൽ അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ പറയുന്നു. മാർച്ചിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്ത ശേഷം ബുധനാഴ്ച വരെ ആൽബർട്ടയിൽ 122 അഞ്ചാംപനി കേസുകളുണ്ടായിട്ടുണ്ട്. 32 ദിവസത്തിനുള്ളിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിൽ ഈ ആഴ്ച ആദ്യം അഞ്ചാംപനി മുന്നറിയിപ്പുകൾ പിൻവലിച്ചതായി കെബെക്ക് പ്രഖ്യാപിച്ചു.