മൺട്രിയോൾ : പ്രവിശ്യയ്ക്ക് പുറത്തുള്ള വിദ്യാർത്ഥികൾക്കുള്ള യൂണിവേഴ്സിറ്റി ട്യൂഷൻ ഫീസ് വർധന അസാധുവാക്കി കെബെക്ക് സുപ്പീരിയർ കോടതി ജസ്റ്റിസ് എറിക് ഡുഫോർ. ട്യൂഷൻ ഫീസ് വർധിപ്പിക്കാനുള്ള കെബെക്ക് സർക്കാർ തീരുമാനം യുക്തിരഹിതവും അടിസ്ഥാനമാല്ലാത്തതുമാണെന്ന് കോടതി വിധിയിൽ പറയുന്നു. എന്നാൽ, സർക്കാർ ട്യൂഷൻ പ്ലാൻ പരിഷ്കരിക്കുന്നത് വരെ ഫീസ് വർധന നിലനിൽക്കും. കൂടാതെ ഇംഗ്ലീഷ് ഭാഷാ സർവ്വകലാശാലകളിലെ പ്രവിശ്യയ്ക്ക് പുറത്തുള്ള ബിരുദ വിദ്യാർത്ഥികളിൽ 80 ശതമാനവും ബിരുദം നേടുമ്പോഴേക്കും ഫ്രഞ്ച് ഭാഷയിൽ ഇൻ്റർമീഡിയറ്റ് തലത്തിലെത്തണമെന്ന പുതിയ മാനദണ്ഡവും റദ്ദാക്കിയിട്ടുണ്ട്.

ഫ്രഞ്ച് ഭാഷയെ സംരക്ഷിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി കെബെക്ക് സർക്കാർ, പ്രവിശ്യയ്ക്ക് പുറത്തുള്ള വിദ്യാർത്ഥികൾക്കുള്ള ട്യൂഷൻ ഫീസ് 9,000 ഡോളറിൽ നിന്നും 12,000 ഡോളറായി വർധിപ്പിച്ചിരുന്നു. പുതിയ ട്യൂഷൻ ഫീസ് നയത്തിനെതിരെ കെബെക്കിലെ മക്ഗിൽ, കോൺകോർഡിയ സർവകലാശാലകൾ കഴിഞ്ഞ വർഷം കോടതിയെ സമീപിച്ചിരുന്നു. ട്യൂഷൻ ഫീസ് വർധനയെ തുടർന്ന് പ്രവിശ്യക്ക് പുറത്തുള്ള വിദ്യാർത്ഥികളുടെ പുതിയ രജിസ്ട്രേഷനിൽ ഇടിവ് നേരിട്ടതായി മക്ഗിൽ, കോൺകോർഡിയ സർവകലാശാലകൾ റിപ്പോർട്ട് ചെയ്തിരുന്നു.