ടൊറൻ്റോ : സ്കാർബ്റോയിലെ നിരവധി വ്യാപാരസ്ഥാപനങ്ങളിൽ മോഷണവും ലൈംഗികാതിക്രമവും നടത്തിയ മൂന്ന് യുവതികളെ തിരയുന്നതായി ടൊറൻ്റോ പൊലീസ്. 2024 ജൂണിനും 2025 ഏപ്രിലിനും ഇടയിൽ, 10 മാസത്തിനിടെ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ നടന്ന അഞ്ച് കേസുകളിൽ ഇതേ മൂന്ന് പ്രതികൾ ഉത്തരവാദികളാണെന്ന് പൊലീസ് പറയുന്നു.

ഈ അഞ്ച് സംഭവങ്ങളിൽ, വാണിജ്യ സ്ഥാപനത്തിൽ കയറിയ പ്രതികളിൽ ഒരാൾ ഉടമയെ ലൈംഗികമായി പീഡിപ്പിക്കുകയും മറ്റൊരു പ്രതി പണം മോഷ്ടിക്കുകയും ചെയ്തു. മൗണ്ട്‌ജോയ്, ലാംബ് അവന്യൂസ് ഏരിയ, സെൻ്റ് ക്ലെയർ അവന്യൂ, കിംഗ്‌സ്റ്റൺ റോഡ് ഏരിയ, ഡാൻഫോർത്ത് റോഡ്, മിഡ്‌ലാൻഡ് അവന്യൂ ഏരിയ, മിഡ്‌വെസ്റ്റ് റോഡ്, മിഡ്‌ലാൻഡ് അവന്യൂ ഏരിയ, ഡാൻഫോർത്ത് റോഡ്, ഡാൻഫോർത്ത് അവന്യൂ ഏരിയ എന്നിവിടങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

മോഷണത്തിന് ശേഷം പ്രതികൾ മൂവരും കടും നിറമുള്ള ഔഡി സെഡാനിലോ എസ്‌യുവിയിലോ ആണ് രക്ഷപ്പെടുന്നതെന്നും പൊലീസ് പറയുന്നു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 416-808-4100, 416-222-TIPS എന്നീ നമ്പറുകളിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ടൊറൻ്റോ പൊലീസ് അഭ്യർത്ഥിച്ചു.