ഹാലിഫാക്സ് : പ്രവിശ്യയിലെ പത്ത് സർവ്വകലാശാലകളുമായി പുതിയ രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ച് നോവസ്കോഷ സർക്കാർ. ഈ കരാറിലൂടെ വിദ്യാർത്ഥികൾക്കുള്ള ട്യൂഷൻ ഫീസ് മരവിപ്പിക്കുകയും സർവ്വകലാശാലകൾക്കുള്ള പ്രവർത്തന ഗ്രാൻ്റുകൾ വർധിപ്പിക്കുകയും ചെയ്യും. പഴയ കരാർ മാർച്ച് അവസാനം കാലഹരണപ്പെട്ടിരുന്നു.

2025–26, 2026–27 വർഷത്തെ ഉഭയകക്ഷി കരാറുകൾ പ്രകാരം ഓരോ സർവകലാശാലയ്ക്കും അതിൻ്റെ വാർഷിക പ്രവർത്തന ഗ്രാൻ്റിൽ രണ്ട് ശതമാനം വർധനയായിരിക്കും ലഭിക്കുക. എന്നാൽ, ചില ഫണ്ടുകൾ സർവ്വകലാശാലകളുടെ പ്രകടനവുമായി ബന്ധപ്പെട്ടിരിക്കുന്നതായി അഡ്വാൻസ്ഡ് എജ്യുക്കേഷൻ മന്ത്രി ബ്രണ്ടൻ മഗ്വെയർ അറിയിച്ചു. പ്രവിശ്യ നിവാസികൾക്ക് മുൻഗണന നൽകുന്ന, സർവ്വകലാശാലകളിലെ ആരോഗ്യ-വിദ്യാഭ്യാസ പ്രോഗ്രാം 2026-ൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കരാർ പ്രകാരം സർവ്വകലാശാലകൾക്ക് 2025–26-ൽ 77 ലക്ഷം ഡോളറും 2026–27-ൽ 78 ലക്ഷം ഡോളറും പ്രവർത്തന ഫണ്ടായി ലഭിക്കും.
