വൻകൂവർ : മെട്രോ വൻകൂവറിലെ രണ്ട് ആരാധനാലയങ്ങൾ ഒരേ രാത്രി നശിപ്പിച്ച പ്രതികളെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി സറേ പൊലീസ്. ഏപ്രിൽ 19-ന് മറൈൻ ഡ്രൈവിന് സമീപമുള്ള റോസ് സ്ട്രീറ്റിലെ ഖൽസ ദിവാൻ സൊസൈറ്റി ഗുരുദ്വാരയുടെ ചുവരുകളിൽ രണ്ട് പ്രതികൾ ഖലിസ്ഥാൻ മുദ്രവാക്യങ്ങൾ എഴുതി വൃത്തികേടാക്കിയതായി വൻകൂവർ പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് (വിപിഡി) അറിയിച്ചു. പ്രതികൾ പുലർച്ചെ നാലിനും നാലരയ്ക്കും ഇടയിൽ ഒരു വെളുത്ത ഡോഡ്ജ് പിക്കപ്പ് ട്രക്കിലാണ് എത്തിയതെന്ന് പൊലീസ് കരുതുന്നു.

ഏപ്രിൽ 19 വെള്ളിയാഴ്ച പുലർച്ചെ 3 മണിയോടെ സറേയിലെ 84 അവന്യൂവിനടുത്തുള്ള 140 സ്ട്രീറ്റിലുള്ള ശ്രീ ലക്ഷ്മി നാരായൺ മന്ദിറിന്‍റെ പ്രവേശന കവാടത്തിലും തൂണുകളിലും മുഖംമൂടി ധരിച്ച രണ്ട് പ്രതികൾ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ പെയിൻ്റ് ചെയ്തതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. സറേ പൊലീസ് സർവീസ് (വിപിഡി) അന്വേഷണം ആരംഭിച്ചു. ഡോഡ്ജ് ആണെന്ന് കരുതുന്ന വെള്ള പിക്കപ്പ് ട്രക്കിലാണ് പ്രതികൾ സഞ്ചരിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.

രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. പ്രതികളെയും അവർ സഞ്ചരിച്ചിരുന്ന വാഹനവും തിരിച്ചറിയാൻ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു. പുലർച്ചെ മൂന്നിനും 3:40 നും ഇടയിൽ ഈ പ്രദേശത്തെ ഡാഷ്‌ക്യാം ദൃശ്യങ്ങൾ കൈവശം ഉള്ളവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം.