വിനിപെഗ് : മാനിറ്റോബയുടെ വാട്ടർ ബോംബർ ഫ്ലീറ്റിലേക്ക് മൂന്ന് പുതുമുഖങ്ങൾ എത്തുന്നു. കാലപ്പഴക്കം ചെന്ന മൂന്ന് CL215 വാട്ടർ ബോംബറുകൾക്ക് പകരമായി പുതിയതും നൂതന സാങ്കേതികവിദ്യയോടു കൂടിയതുമായ DHC-515 വാട്ടർ ബോംബറുകളാണ് പ്രവിശ്യ സ്വന്തമാക്കുന്നതെന്ന് പ്രീമിയർ വാബ് കിന്യൂ അറിയിച്ചു. മാനിറ്റോബയിലെ ലക്ഷക്കണക്കിന് തടാകങ്ങളിൽ ഉപയോഗിക്കാൻ അനുയോജ്യമായ ഈ വാട്ടർ ബോംബറുകൾ, കാട്ടുതീയിൽ നിന്നും പ്രവിശ്യാനിവാസികളെ സുരക്ഷിതരാക്കുമെന്ന് പ്രീമിയർ പറഞ്ഞു.

മാനിറ്റോബ വൈൽഡ്‌ഫയർ സർവീസിനെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് പുതിയ കനേഡിയൻ നിർമ്മിത വാട്ടർ ബോംബറുകൾ ഫ്ലീറ്റിലേക്ക് ചേർക്കുന്നത്. മാനിറ്റോബയുടെ 2025 ബജറ്റിൽ വാട്ടർ ബോംബറുകൾക്കായി എട്ടു കോടി ഡോളർ നീക്കിവെച്ചിരുന്നു. എന്നാൽ, പുതിയ വാട്ടർ ബോംബറുകൾ വാങ്ങുന്നതിന് ആ ഫണ്ടുകൾ ഡൗൺ പേയ്‌മെൻ്റിന് മാത്രമുള്ളതാണെന്ന് പ്രീമിയർ പറയുന്നു. നിലവിൽ മാനിറ്റോബയ്ക്ക് ഏഴ് വാട്ടർ ബോംബറുകളാണുള്ളത്.

കാൽഗറിയിൽ നിർമ്മിച്ച പുതിയ വാട്ടർ ബോംബറുകൾക്ക് നൂതന സാങ്കേതികവിദ്യയും വിശ്വസനീയമായ ടർബൈൻ എഞ്ചിനുകളും ഒപ്പം കൂടുതൽ ഇന്ധനവും ജലവും ഉൾക്കൊള്ളാനുള്ള ശേഷിയുമുണ്ടെന്ന് മാനിറ്റോബ വൈൽഡ് ഫയർ സർവീസ് മേധാവി ഏൾ സിമ്മൺസ് പറയുന്നു. എന്നാൽ ഈ പുതിയ വാട്ടർ ബോംബറുകൾ മാനിറ്റോബയിലെത്താൻ സമയമെടുക്കും. ആദ്യത്തെ വാട്ടർ ബോംബർ 2031 ഫയർ സീസണിലായിരിക്കും പ്രവിശ്യയിൽ എത്തുക. അടുത്ത വർഷം ബാക്കിയുള്ള രണ്ടു വാട്ടർ ബോംബറുകളും പ്രവിശ്യയ്ക്ക് സ്വന്തമാകും.