ഹാലിഫാക്സ് : നോവസ്കോഷ പവറിന്‍റെ നെറ്റ്‌വർക്കിലെ ഐടി സിസ്റ്റത്തിൽ സൈബർ ആക്രമണം നേരിട്ടതായി റിപ്പോർട്ട്. കനേഡിയൻ നെറ്റ്‌വർക്കിലും ബിസിനസ് ആപ്ലിക്കേഷനുകളുടെ സെർവറുകളിലും ഹാക്കർമാർ ആക്‌സസ് നേടിയതായി നോവസ്കോഷ പവർ തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പ് പറയുന്നു.

സൈബർ ആക്രമണം നേരിട്ടതായി കണ്ടെത്തിയതിന് പിന്നാലെ സൈബർ സുരക്ഷാ വിദഗ്ധരെ ഉൾപ്പെടുത്തി അന്വേഷണം ആരംഭിച്ചതായി യൂട്ടിലിറ്റി അറിയിച്ചു. ഏത് വിവരങ്ങളാണ് ആക്‌സസ് ചെയ്‌തതെന്നോ ഏതെങ്കിലും ഉപയോക്താക്കളുടെ വിവരങ്ങൾ അപഹരിക്കപ്പെട്ടുവെന്നോ വ്യക്തമല്ല. എന്നാൽ, നോവസ്കോഷ പവറിൻ്റെ ഉൽപ്പാദനം, ട്രാൻസ്മിഷൻ, മാരിടൈംസ് ലിങ്ക്, ബ്രൺസ്വിക്ക് പൈപ്പ്‌ലൈൻ എന്നിവയുൾപ്പെടെ കനേഡിയൻ ഫിസിക്കൽ ഓപ്പറേഷനുകളിലൊന്നും തടസ്സമില്ലെന്ന് യൂട്ടിലിറ്റി പറയുന്നു. അതേസമയം തങ്ങളുടെ ഫോൺ ലൈനിലും ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾ ആക്‌സസ് ചെയ്യാൻ കഴിയുന്നതിലും സാങ്കേതിക പ്രശ്‌നം നേരിടുന്നുണ്ടെന്ന് നോവസ്കോഷ പവർ റിപ്പോർട്ട് ചെയ്തു.