ടൊറൻ്റോ : സ്കാർബ്റോയിലെ റസ്റ്ററൻ്റ് വാഷ്‌റൂമിൽ ഒളികാമറ സ്ഥാപിച്ച ഉടമയെ അറസ്റ്റ് ചെയ്തതായി ടൊറൻ്റോ പൊലീസ്. ഫിഞ്ച് അവന്യൂ ഈസ്റ്റിലെ മിഡ്‌ലാൻഡ് അവന്യൂ ഏരിയയിലുള്ള ‘യോമിസ് റൈസ് എക്സ് യോഗർറ്റ്’ ഉടമ സെഹാൻ സൂ (25) ആണ് അറസ്റ്റിലായത്.

2024 ഒക്ടോബറിലാണ് ഇയാൾ കാമറ സ്ഥാപിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഒരു മാസത്തോളം വാഷ്‌റൂമിൽ ഒളികാമറ ഉണ്ടായിരുന്നതായും നവംബറിലാണ് ഇത് കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു. തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് ഏപ്രിൽ 20-ന് ടൊറൻ്റോ സ്വദേശിയായ സെഹാൻ സൂവിനെ അറസ്റ്റ് ചെയ്തു. 2024 ഒക്‌ടോബറിനും നവംബറിനും ഇടയിൽ വാഷ്റൂം ഉപയോഗിച്ചവരുടെ വിഡിയോ അടക്കം അവരുടെ അറിവോ സമ്മതമോ ഇല്ലാതെ റെക്കോർഡ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഈ കാലയളവിൽ റസ്റ്ററൻ്റിലെ വാഷ്റൂം ഉപയോഗിച്ചവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ടൊറൻ്റോ പൊലീസ് അഭ്യർത്ഥിച്ചു.