ഓട്ടവ : കാനഡയെ 51-ാമത്തെ സംസ്ഥാനമാക്കാനുള്ള ട്രംപിന്‍റെ നിരന്തര പ്രഖ്യാപനങ്ങൾക്കും യുഎസ് താരിഫുകൾക്കുമിടയിൽ രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കാൻ 45-ാമത് ഫെഡറൽ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി പ്രമുഖ പാർട്ടി ലീഡർമാർ. ഹൗസ് ഓഫ് കോമൺസിലെ 343 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കുറഞ്ഞത് 172 സീറ്റുകൾ നേടുന്ന പാർട്ടിക്ക് ഭരണത്തിലെത്താൻ സാധിക്കും.

ലിബറൽ പാർട്ടി ലീഡർ മാർക്ക് കാർണിയും കൺസർവേറ്റീവ് ലീഡർ പിയേർ പൊളിയേവും തങ്ങളുടെ ഓട്ടവ റൈഡിങ്ങുകളിലെ പോളിങ് ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തി. അതേസമയം, എൻഡിപി ലീഡർ ജഗ്മീത് സിങ് മുൻകൂർ വോട്ടിങ് കാലയളവിൽ വോട്ട് ചെയ്തിരുന്നു. ലിബറൽ പാർട്ടി ഓഫ് കാനഡ ലീഡർ മാർക്ക് കാർണി, ഭാര്യ ഡയാന ഫോക്സ് കാർണിയ്ക്ക് ഒപ്പമാണ് വോട്ട് ചെയ്യാൻ എത്തിയത്. ഓട്ടവ ഗ്രീലിയിലുള്ള പാർക്ക്‌വേ റോഡ് പെന്തക്കോസ്‌ത് ചർച്ചിൽ കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവും ഭാര്യ അനൈഡയും വോട്ട് രേഖപ്പെടുത്തി. ബ്ലോക്ക് കെബെക്കോയിസ് ലീഡർ യെവ്സ്-ഫ്രാൻസ്വ ബ്ലോഷേ, കെബെക്കിലെ ചാംബ്ലിയിലുള്ള പോളിങ് ബൂത്തിൽ വോട്ട് ചെയ്തു.