ഫ്രെഡറിക്ടൺ : വാരാന്ത്യത്തിലുണ്ടായ കനത്ത മഴയെ തുടർന്ന് ന്യൂബ്രൺസ്വിക്കിലെ സെൻ്റ് ജോൺ നദിയിൽ ജലനിരപ്പ് ഉയരുന്നതായി റിപ്പോർട്ട്. നിലവിലെ അവസ്ഥ തുടരുകയാണെങ്കിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വാരാന്ത്യത്തിൽ ഈ മേഖലയിൽ 20 മുതൽ 50 മില്ലിമീറ്റർ വരെ കനത്ത മഴയാണ് പെയ്തത്. തെക്കൻ ന്യൂബ്രൺസ്വിക്കിലെ ഏതാനും കമ്മ്യൂണിറ്റികളിൽ 60 മില്ലീമീറ്ററിൽ കൂടുതൽ മഴ പെയ്തതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സെൻ്റ് ജോൺ എയർപോർട്ടിൽ ആകെ 71 മില്ലിമീറ്റർ മഴ ലഭിച്ചു.

ജലനിരപ്പ് ഉയരുന്ന സെൻ്റ് ജോൺ നദിയുടെ ഗേജ്‌ടൗൺ പ്രദേശത്ത് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടെ നിലവിൽ 3.6 മീറ്റർ വാച്ച് സ്റ്റേജിന് മുകളിലാണ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ പ്രദേശം 4.0 മീറ്റർ വെള്ളപ്പൊക്ക ഘട്ടത്തിലെത്തുമെന്നാണ് നിലവിലെ പ്രവചനം. വെള്ളിയാഴ്ചയും ശനിയാഴ്ചയും ജലനിരപ്പ് കുറഞ്ഞേക്കുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.