എഡ്മിന്‍റൻ : വാരാന്ത്യത്തിൽ പ്രവിശ്യയുടെ സതേൺ ഹെൽത്ത് സോണിൽ ഒരു ഡസനിലധികം പുതിയ അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തതായി ആൽബർട്ട ഹെൽത്ത്. തിങ്കളാഴ്ച ഉച്ചവരെ, ഈ മേഖലയിൽ 18 പുതിയ കേസുകൾ കണ്ടെത്തിയതായി ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. നോർത്ത് സോണിൽ മൂന്ന് കേസുകൾ സ്ഥിരീകരിച്ചപ്പോൾ സെൻട്രൽ സോണിൽ ഒരു അഞ്ചാംപനി കേസും കണ്ടെത്തി.

ആൽബർട്ടയിൽ ഈ വർഷം ഇതുവരെ 159 അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും അഞ്ചിനും 17 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളും (38) അഞ്ച് വയസ്സിൽ താഴെയുള്ളവരുമാണ് (97). അഞ്ചാംപനി ബാധിച്ച ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രവിശ്യയിലെ അഞ്ചാംപനി രോഗികളിൽ തൊണ്ണൂറ്റിയഞ്ച് പേർ വാക്സിനേഷൻ എടുത്തിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.