ടൊറൻ്റോ : കൊളറാഡോ ന്യൂനമർദ്ദത്തെ തുടർന്ന് തെക്കൻ ഒൻ്റാറിയോയിൽ ഇന്നും നാളെയും ശക്തമായ ഇടിമിന്നൽ, ചുഴലിക്കാറ്റ്, വലിയ ആലിപ്പഴം വീഴ്ച എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പ്രവിശ്യയിലുടനീളം ശക്തമായ ഇടിമിന്നൽ പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ ഏജൻസി അറിയിച്ചു.

വടക്കുപടിഞ്ഞാറൻ ഒൻ്റാറിയോയുടെ ചില ഭാഗങ്ങളിൽ തിങ്കളാഴ്ച ശക്തമായ കാറ്റിനും വലിയ ആലിപ്പഴം വീഴുന്നതിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നെറ്റ്‌വർക്ക് പറയുന്നു. കൂടാതെ ചൊവ്വാഴ്ച, തെക്ക്, വടക്കുകിഴക്കൻ ഒൻ്റാരിയോയുടെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റും ആലിപ്പഴം വീഴ്ചയും ചുഴലിക്കാറ്റും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. തിങ്കളാഴ്‌ച ഉയർന്ന താപനില 20 ഡിഗ്രി സെൽഷ്യസാണ്. ടൊറൻ്റോയിൽ ചൊവ്വാഴ്ച താപനില 24 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരാം, എന്നാൽ തെക്ക് പടിഞ്ഞാറൻ ഒൻ്റാറിയോയിൽ താപനില 30 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. പ്രവിശ്യയുടെ ചില മേഖലകളിൽ കനത്ത മഴയ്‌ക്കൊപ്പം മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊടുങ്കാറ്റിൻ്റെ ഏറ്റവും തീവ്രത ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി എട്ടു മണി വരെയായിരിക്കുമെന്ന് എൻവയൺമെൻ്റ് കാനഡ അറിയിച്ചു.