മൺട്രിയോൾ : ലിബറൽ പാർട്ടി ഓഫ് കാനഡയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറെന്ന് ബ്ലോക്ക് കെബക്വ ലീഡർ യെവ്സ്-ഫ്രാൻസ്വ ബ്ലോഷേ. കാനഡയെ സ്വന്തമാക്കുമെന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഫ്രഞ്ച് ഭാഷാ സംരക്ഷണം, പ്രവിശ്യയുടെ കുടിയേറ്റ ശേഷി, മതേതരത്വ ബിൽ 21, പൈപ്പ് ലൈനുകൾ എന്നിവയിൽ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പാർട്ടി ഇളവുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും യെവ്സ്-ഫ്രാൻസ്വ ബ്ലോഷേ ഊന്നിപ്പറഞ്ഞു.

എന്നാൽ, തങ്ങൾ വ്യത്യസ്തരായിരിക്കും, എല്ലാ കാര്യങ്ങളിലും ലിബറൽ പാർട്ടിയുമായി ഒത്തുപോകില്ല, പക്ഷേ പുതിയ പാർലമെൻ്റ് സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമാകുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പ്രവിശ്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പ്രവർത്തനം താൻ ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. കെബെക്കിൻ്റെ സാമ്പത്തികസ്രോതസ്സുകളായ അലുമിനിയം ഉൽപ്പാദനം, ജലവൈദ്യുതി, എയ്റോസ്പേസ് മേഖല എന്നിവയെ മുന്നോട്ട് കൊണ്ടുവരാൻ പാർട്ടി എംപിമാർക്ക് കഴിയുമെന്ന് യെവ്സ്-ഫ്രാൻസ്വ ബ്ലോഷേ കൂട്ടിച്ചേർത്തു.