ഓട്ടവ : വടക്കുപടിഞ്ഞാറൻ ഒൻ്റാരിയോ നഗരമായ ഇമോയ്ക്ക് സമീപമുള്ള നദിയിൽ നിന്നും യുഎസ് പൗരൻ്റെ മൃതദേഹം കണ്ടെത്തിയതായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് (OPP). അനധികൃതമായി കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച 59 വയസ്സുള്ള യുഎസ് പൗരൻ മൈക്കൽ ജോസാസിന്‍റെ മൃതദേഹമാണ് ഏപ്രിൽ 16-ന് റെയ്നി നദിയിൽ നിന്നും കണ്ടെത്തിയത്. മുങ്ങിമരണമാണ് മരണകാരണമെന്നും ദുരൂഹതയൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണം അവസാനിപ്പിച്ചതായി ഒപിപി അറിയിച്ചു.

2024 ഡിസംബർ 28 മുതൽ മൈക്കൽ ജോസാസിനെ കാണാതായിരുന്നു. ഇയാൾ അനധികൃതമായി കാനഡയിലേക്ക് കടക്കാൻ ശ്രമിച്ചതായി കരുതുന്നു, OPP വാർത്താക്കുറിപ്പിൽ പറഞ്ഞു. വുഡ്സ് തടാകം മുതൽ ഫോർട്ട് ഫ്രാൻസിസിന് തൊട്ടു കിഴക്ക് റെയ്നി തടാകം വരെ വ്യാപിച്ചു കിടക്കുന്ന, ജോസാസിനെ കണ്ടെത്തിയ നദി കാനഡ-യുഎസ് അതിർത്തിയിൽ ഏകദേശം 135 കിലോമീറ്റർ നീളത്തിൽ ഒഴുകുന്നു.