ഓട്ടവ : 45-ാമത് ഫെഡറൽ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഏകദേശം പൂർത്തിയായതോടെ മാർക്ക് കാർണി നേതൃത്വം നൽകുന്ന ലിബറൽ പാർട്ടി മറ്റൊരു ന്യൂനപക്ഷ സർക്കാരുമായി നാലാം തവണയും അധികാരം ഉറപ്പിക്കുന്നു. വോട്ടെണ്ണൽ ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞതോടെ 343 സീറ്റുകളുള്ള ഹൗസ് ഓഫ് കോമൺസിൽ ലിബറലുകൾക്ക് ഭൂരിപക്ഷം നേടുന്നതിന് മൂന്ന് സീറ്റുകൾ കുറവാണ്. നിലവിൽ ലിബറലുകൾക്ക് 169, കൺസർവേറ്റീവിന് 144, ബ്ലോക്ക് കെബക്വ പാർട്ടിക്ക് 22, എൻഡിപിക്ക് ഏഴ്, ഗ്രീൻ പാർട്ടിക്ക് ഒന്ന് എന്നിങ്ങനെയാണ് സീറ്റ് നില. ചൊവ്വാഴ്ച രാവിലെ രാജ്യത്തുടനീളമുള്ള പ്രത്യേക ബാലറ്റുകൾ എണ്ണുന്നത് താൽക്കാലികമായി ഇലക്ഷൻസ് കാനഡ നിർത്തിവെച്ചിരുന്നെങ്കിലും രാവിലെ 9.30-ന് വോട്ടെണ്ണൽ വീണ്ടും ആരംഭിച്ചിരുന്നു.

അതേസമയം പ്രതിപക്ഷനേതാവും കൺസർവേറ്റീവ് പാർട്ടി ലീഡറുമായ പിയേർ പൊളിയേവ് കാൾട്ടൺ റൈഡിങ്ങിൽ ലിബറൽ സ്ഥാനാർത്ഥി ബ്രൂസ് ഫാൻജോയോട് പരാജയപ്പെട്ടു. ബ്രിട്ടിഷ് കൊളംബിയയിലെ ബേണബി സെൻട്രൽ റൈഡിങ്ങിൽ പരാജയപ്പെടുകയും ദേശീയതലത്തിൽ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിടുകയും ചെയ്തതോടെ ന്യൂ ഡമോക്രാറ്റിക് പാർട്ടി (എൻഡിപി) ലീഡർ ജഗ്മീത് സിങ് നേതൃസ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇടക്കാല നേതാവിനെ തിരഞ്ഞെടുത്താൽ താൻ സ്ഥാനമൊഴിയുമെന്ന് ജഗ്മീത് അറിയിച്ചു. കഴിഞ്ഞ രണ്ടു ഫെഡറൽ തിരഞ്ഞെടുപ്പിലും കിങ് മേക്കർ സ്ഥാനം നിലനിർത്തിയ ജഗ്മീതും എൻഡിപിയും ഇത്തവണ പാടെ നിലംപൊത്തി. 25 സീറ്റുണ്ടായിരുന്ന പാർട്ടിക്ക് ഇക്കുറി രണ്ടക്കം തികയ്ക്കാനാകാത്ത അവസ്ഥയാണ്. ബേണബി റൈഡിങ്ങിലാകട്ടെ ലിബറൽ സ്ഥാനാർത്ഥി വേഡ് ചാങ്ങിനും കൺസർവേറ്റീവ് സ്ഥാനാർത്ഥി ജെയിംസ് യാനിനും പിന്നിലായാണ് ജഗ്മീത് സിങ്ങിന്‍റെ സ്ഥാനം.