ഓട്ടവ : കാനഡയെ സ്വന്തം നാട് എന്ന് വിളിക്കുന്ന എല്ലാവരെയും പ്രതിനിധീകരിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ലിബറൽ പാർട്ടി നേതാവ് മാർക്ക് കാർണി. ഫെഡറൽ തിരഞ്ഞെടുപ്പിലെ തന്റെ വിജയത്തിന് പിന്നാലെയാണ് പ്രഖ്യാപനം.നാമെല്ലാവരും കനേഡിയൻമാരാണ് അതിനാൽ കാനഡയെ സ്വന്തം നാട് എന്ന് വിളിക്കുന്ന എല്ലാവരെയും തന്റെ സർക്കാർ പ്രതിനിധീകരിക്കുമെന്ന് കാർണി ഉറച്ചുപറഞ്ഞു.

അതേസമയം കഠിനമായ പോരാട്ടവും നീതിയുക്തവുമായ പ്രചാരണവും നടത്തിയതിന് കൺസർവേറ്റീവ് നേതാവ് പിയേർ പൊളിയേവിന് പ്രധാനമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു. എന്നാൽ കാൾട്ടണിൽ പിയേർ പൊളിയേവിനേക്കാൾ രണ്ടായിരത്തിലധികം വോട്ടുകൾക്ക് മുന്നിലുള്ള ലിബറൽ ചലഞ്ചർ ബ്രൂസ് ഫാൻജോയിയുമായി പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് കാർണി പരിഹസിച്ചു.

കൂടാതെ, കാനഡയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും പരമാധികാരത്തിനുമെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് അദ്ദേഹം ആവർത്തിച്ചു. ‘അമേരിക്കയ്ക്ക് നമ്മുടെ ഭൂമി, നമ്മുടെ വിഭവങ്ങൾ, നമ്മുടെ വെള്ളം, നമ്മുടെ രാജ്യം എന്നിവ വേണം’- കാർണി പറഞ്ഞു. ഇവ വെറുതെയുള്ള ഭീഷണികളല്ല. നമ്മളെ സ്വന്തമാക്കാൻ വേണ്ടി പ്രസിഡന്റ് ട്രംപ് നമ്മളെ തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.