ഓട്ടവ : രാജ്യത്തുടനീളമുള്ള പ്രത്യേക ബാലറ്റുകൾ എണ്ണുന്നത് പുനഃരാരംഭിച്ചതായി ഇലക്ഷൻസ് കാനഡ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ വോട്ടെണ്ണൽ പുനരാരംഭിച്ചു. ഇതോടെ കാനഡയിലെ ചരിത്രപരമായ തിരഞ്ഞെടുപ്പ് ദിനത്തിന് ശേഷം അടുത്ത ലിബറൽ ഗവൺമെൻ്റിൻ്റെ രൂപം കൂടുതൽ വ്യക്തമാവും.

നിലവിൽ ലിബറൽ പാർട്ടി 168 സീറ്റുകളിൽ മുന്നിലാണ്. ഭൂരിപക്ഷത്തിന് വെറും നാല് സീറ്റുകൾ മാത്രമാണ് കുറവ്. ചില വോട്ടുകൾ ഇപ്പോഴും എണ്ണിയിട്ടില്ലാത്തതിനാൽ, ഒരു ഡസനോളം റൈഡിങിലെ ഫലങ്ങൾ മാറിയേക്കാമെന്ന് ഇലക്ഷൻസ് കാനഡ കണക്കാക്കുന്നു. അതേസമയം മാർക്ക് കാർണിയുടെ ലിബറലുകൾ ഭൂരിപക്ഷ സർക്കാർ നേടിയോ അതോ ന്യൂനപക്ഷ സർക്കാർ നേടിയോയെന്ന് ചൊവ്വാഴ്ച വൈകി മാത്രമേ അറിയാൻ സാധിക്കൂ. അന്തിമഫലം ന്യൂനപക്ഷമായി തുടർന്നാൽ, അധികാരത്തിൽ തുടരാൻ ലിബറലുകൾക്ക് മറ്റു പാർട്ടികളുടെ സഹായം ആവശ്യമായി വരും.

അതേസമയം പ്രതിപക്ഷനേതാവും കൺസർവേറ്റീവ് പാർട്ടി ലീഡറുമായ പിയേർ പൊളിയേവ് കാൾട്ടൺ റൈഡിങ്ങിൽ ലിബറൽ സ്ഥാനാർത്ഥി ബ്രൂസ് ഫാൻജോയോട് പരാജയപ്പെട്ടു. ദേശീയതലത്തിൽ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ ബ്രിട്ടിഷ് കൊളംബിയയിലെ ബേണബി സെൻട്രൽ റൈഡിങ്ങിൽ ന്യൂ ഡമോക്രാറ്റിക് പാർട്ടി (എൻഡിപി) ലീഡർ ജഗ്മീത് സിങ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തതോടെ നേതൃസ്ഥാനം ഒഴിയുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. ഇടക്കാല നേതാവിനെ തിരഞ്ഞെടുത്താൽ താൻ സ്ഥാനമൊഴിയുമെന്ന് ജഗ്മീത് അറിയിച്ചു. ഫെഡറൽ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ രണ്ടു തവണയും കിങ് മേക്കർ സ്ഥാനം നിലനിർത്താനായ ജഗ്മീതും എൻഡിപിയും ഇത്തവണ പാടെ നിലംപൊത്തി. 25 സീറ്റുണ്ടായിരുന്ന പാർട്ടിക്ക് ഇക്കുറി രണ്ടക്കം തികയ്ക്കാനാകാത്ത അവസ്ഥയാണ്. ബേണബി റൈഡിങ്ങിലാകട്ടെ ലിബറൽ സ്ഥാനാർത്ഥി വേഡ് ചാങ്ങിനും കൺസർവേറ്റീവ് സ്ഥാനാർത്ഥി ജെയിംസ് യാനിനും പിന്നിലായാണ് ജഗ്മീത് സിങ്ങിന്‍റെ സ്ഥാനം.