ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോ, മധ്യ ഒൻ്റാരിയോ, പ്രവിശ്യയുടെ കിഴക്കൻ ഭാഗങ്ങൾ എന്നിവയുൾപ്പെടെ തെക്കൻ ഒൻ്റാരിയോയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ശക്തമായ ഇടിമിന്നൽ ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. കൂടാതെ മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും നാല് സെൻ്റീമീറ്റർ വരെ വലുപ്പമുള്ള ആലിപ്പഴം വീഴുന്നതിനും സാധ്യതയുണ്ടെന്നും എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി.

ടൊറൻ്റോയിൽ ഇടിമിന്നലിന് 70% സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു. ഏകദേശം അഞ്ച് മണിക്ക് ആരംഭിക്കുന്ന ഇടിമിന്നൽ രാത്രി ഒമ്പത് വരെ നീളും. അതേസമയം വൈകിട്ട് അഞ്ചിനും ഏഴിനും ഇടയിലായിരിക്കും ജിടിഎയിൽ ഏറ്റവും ശക്തിയോടെ കാറ്റ് വീശുക. നഗരത്തിലെ താപനില 25 ഡിഗ്രി സെൽഷ്യസായിരിക്കും. എന്നാൽ, ഈർപ്പവും കൂടിച്ചേരുമ്പോൾ 30 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടും. എന്നാൽ, താപനില ഒറ്റരാത്രികൊണ്ട് 3 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലും ശനിയാഴ്‌ച പുലർച്ചെ വരെയും ചാറ്റൽമഴ പ്രതീക്ഷിക്കുന്നു. എന്നാൽ, ഞായറാഴ്ച വെയിലായിരിക്കുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു.