ഓട്ടവ : പുതിയ കരാറിലെത്താൻ കാനഡ പോസ്റ്റുമായി ഇന്ന് ചർച്ച പുനഃരാരംഭിക്കുമെന്ന് തപാൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സ് (CUPW). മെയ് 22-ന് പണിമുടക്ക് ആരംഭിക്കുന്നതിന് മുമ്പ് ഇരുപാർട്ടികളും കരാറിലെത്താൻ ശ്രമിക്കുകയാണ്. കഴിഞ്ഞ വർഷം അവസാനം ആരംഭിച്ച കാനഡ പോസ്റ്റിന്റെ ഒരു മാസം നീണ്ടുനിന്ന പണിമുടക്ക് രാജ്യത്തുടനീളമുള്ള തപാൽ വിതരണം നിർത്തിവെക്കുന്നതിന് കാരണമായി. പ്രതിസന്ധി രൂക്ഷമായതോടെ ഡിസംബറിൽ ഫെഡറൽ തൊഴിൽ മന്ത്രി ജീവനക്കാരെ ജോലിയിലേക്ക് തിരികെ കൊണ്ടുവരാൻ ഉത്തരവിട്ടു. ഇതിനായി ഇരുപക്ഷവും തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾ പരിശോധിക്കാനും അത് പരിഹരിക്കുന്നതിനുള്ള ശുപാർശകൾ നൽകാനും ഫെഡറൽ ഇൻഡസ്ട്രിയൽ എൻക്വയറി കമ്മീഷനെ നിയമിക്കുകയും ചെയ്തു. കൂടാതെ കൂട്ടായ കരാറുകൾ മെയ് 22 വരെ നീട്ടുകയും ചെയ്തിരുന്നു.

മാർച്ചിൽ ചർച്ച അവസാനിച്ചതിനെത്തുടർന്ന് കാനഡ പോസ്റ്റും യൂണിയനും ഈ ആഴ്ച രണ്ട് ദിവസത്തേക്ക് ഫെഡറൽ ഇൻഡസ്ട്രിയൽ എൻക്വയറി കമ്മീഷനുമായി കൂടിക്കാഴ്ച നടത്തുമെന്നും കാനഡ പോസ്റ്റ് വക്താവ് ലിസ ലിയു അറിയിച്ചു. കൂട്ടായ കരാറിൽ എത്തുക എന്നതിനാണ് മുൻഗണനയെന്നും എന്നാൽ, മെയ് 22-നോ അതിനുശേഷമോ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പണിമുടക്കിനെ നേരിടാനുള്ള തയ്യാറെടുപ്പുകളും നടത്തുന്നതായും അവർ വ്യക്തമാക്കി. അതേസമയം മെയ് 15-നകം ഫെഡറൽ ഇൻഡസ്ട്രിയൽ എൻക്വയറി കമ്മീഷൻ അന്തിമ റിപ്പോർട്ട് പുറത്തിറക്കുകയും തൊഴിൽ മന്ത്രിക്ക് ശുപാർശകൾ നൽകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ന്യായമായ വേതനം, ആരോഗ്യം, സുരക്ഷാ സംരക്ഷണങ്ങൾ, തൊഴിൽ സുരക്ഷ, അന്തസ്സോടെ വിരമിക്കാനുള്ള അവകാശം എന്നിവ നൽകുന്ന കൂട്ടായ കരാറുകൾ നേടുകയാണ് യൂണിയൻ ലക്ഷ്യമിടുന്നതെന്ന് കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സ് ദേശീയ പ്രസിഡൻ്റ് ജാൻ സിംപ്സൺ പറഞ്ഞു.