ഓട്ടവ : കനേഡിയൻ സമ്പദ്‌വ്യവസ്ഥ ഫെബ്രുവരിയിൽ ഇടിവ് നേരിട്ടതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. 2025-ലെ ആദ്യ മാസത്തിൽ സമ്പദ്‌വ്യവസ്ഥ 0.4% വളർച്ച കൈവരിച്ചതിന് ശേഷം ഫെബ്രുവരിയിൽ യഥാർത്ഥ മൊത്ത ആഭ്യന്തര ഉൽപാദനം 0.2% കുറഞ്ഞതായി ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം ഖനനം, ക്വാറി, എണ്ണ, വാതക ഉൽപാദനം, ചില്ലറ വ്യാപാരം, ഗതാഗതം, വെയർഹൗസിങ് എന്നിവയിലെ നേട്ടങ്ങൾക്കിടയിൽ മാർച്ചിൽ യഥാർത്ഥ ജിഡിപി 0.1% വർധിച്ചതായി ഏജൻസി അറിയിച്ചു. എന്നാൽ, ഈ ഇടിവിന് കാരണം യുഎസുമായുള്ള വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തേക്കാൾ മോശം കാലാവസ്ഥയായിരിക്കാമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.

ഖനനം, ക്വാറി, എണ്ണ, വാതകം വേർതിരിച്ചെടുക്കൽ മേഖലയും നിർമ്മാണവുമാണ് ഫെബ്രുവരിയിലെ ഇടിവിന് പ്രധാനം കാരണം. ചരക്ക് ഉൽപാദിപ്പിക്കുന്ന വ്യവസായങ്ങൾക്ക് 0.6 ശതമാനം ഇടിവാണ് ഈ സങ്കോചത്തിന് കാരണമായത്. ഗതാഗതം, വെയർഹൗസിങ്, റിയൽ എസ്റ്റേറ്റ്, വാടക, ലീസിങ് എന്നിവയിലെ ഇടിവ് ധനകാര്യ, ഇൻഷുറൻസ് മേഖലയിലെ ഉയർച്ച മൂലം ഭാഗികമായി നികത്തപ്പെട്ടു.
ഫെബ്രുവരിയിലെ ഇടിവ് അപ്രതീക്ഷിതമാണെന്ന് സിഐബിസി സാമ്പത്തിക വിദഗ്ദ്ധനായ ആൻഡ്രൂ ഗ്രാൻതം പറയുന്നു. എന്നാൽ താരിഫ് അനിശ്ചിതത്വത്തേക്കാൾ കഠിനമായ കാലാവസ്ഥയാണ് ഇതിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. കാരണം മോശം ശൈത്യകാല സാഹചര്യങ്ങൾ ഖനനം, എണ്ണ, വാതകം, ഗതാഗതം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളെ ബാധിച്ചു.

മധ്യ, കിഴക്കൻ കാനഡയിൽ ഉണ്ടായ പ്രധാന മഞ്ഞുവീഴ്ചയും ബ്രിട്ടീഷ് കൊളംബിയയിലുണ്ടായ കൊടുങ്കാറ്റുകളും മേഖലയെ ബാധിച്ചതിനാൽ, തുടർച്ചയായ രണ്ട് പ്രതിമാസ നേട്ടങ്ങൾക്ക് ശേഷം ഫെബ്രുവരിയിൽ ഗതാഗത, വെയർഹൗസിങ് 1.1 ശതമാനം കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഫെബ്രുവരിയിൽ ഉൽപ്പാദന മേഖല 0.6% വളർച്ച കൈവരിച്ചു. യന്ത്ര നിർമ്മാണം 5.9 ശതമാനവും വർധിച്ചു.