ടൊറൻ്റോ : ഹൈ പാർക്കിലെ ചെറി ബ്ലോസം മരങ്ങൾ ഈ ആഴ്ച അവസാനത്തോടെ പൂക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ടൊറൻ്റോ സിറ്റി. ഒരിലപോലുമില്ലാതെ പിങ്കും വെള്ളയും നിറങ്ങളിലുള്ള ചെറി പൂക്കള്‍ നിറഞ്ഞ മരങ്ങള്‍ നഗരത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ചെറി ബ്ലോസം പൂവിടുന്നതോടെ പതിനായിരക്കണക്കിന് ആളുകളാണ് വർഷം തോറും ഹൈ പാർക്കിലേക്ക് ഒഴുകിയെത്താറ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മാറ്റിപ്പാർപ്പിച്ച ജാപ്പനീസ് കനേഡിയൻമാരെ സിറ്റി സ്വീകരിച്ചതിനെ അഭിനന്ദിച്ച് ടോക്കിയോയിലെ ജനങ്ങൾക്ക് വേണ്ടി കാനഡയിലെ ജാപ്പനീസ് അംബാസഡർ ടൊറൻ്റോ നിവാസികൾക്ക് 1959-ൽ സമ്മാനിച്ചതാണ് ഹൈ പാർക്കിലെ പല സകുറ മരങ്ങളും.

തിങ്കളാഴ്ച മുതൽ, കാലാവസ്ഥയെ ആശ്രയിച്ച് സാധാരണയായി നാല് മുതൽ 10 ദിവസം വരെ നീണ്ടുനിൽക്കുന്ന ചെറി പൂക്കളുടെ വസന്തകാലത്ത് ടൊറൻ്റോയിലെ ഏറ്റവും വലിയ പബ്ലിക് പാർക്കിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. സാധാരണ ഏപ്രില്‍ അവസാനം മുതല്‍ മെയ് ആദ്യ ദിവസങ്ങളില്‍ വരെ നീളുന്നതാണ് ടൊറൻ്റോയിലെ ചെറി പൂക്കളുടെ വസന്തകാലം.പൂക്കൾ പൂക്കുന്ന സമയത്ത് തണുത്ത താപനിലയാണെങ്കിൽ ആളുകൾക്ക് കൂടുതൽ കാലം പൂക്കൾ കാണാൻ സാധിക്കും. പൊതുവില്‍ ചെറി മരങ്ങള്‍ പൂക്കുന്ന സമയത്ത് നഗരത്തിൽ മനോഹരമായ കാലാവസ്ഥയാണുണ്ടാവുക. എങ്കിലും ചിലയിടങ്ങളിലെങ്കിലും മഴയും കാറ്റും പ്രതീക്ഷിക്കാം. ചെറി മരങ്ങള്‍ പൂത്തു നില്‍ക്കുമ്പോള്‍ മഴ പെയ്താല്‍ പെട്ടെന്നു തന്നെ പൂക്കള്‍ കൊഴിഞ്ഞു പോവുകയും ചെയ്യും.

മരങ്ങൾ കാണാൻ മനോഹരമാണെങ്കിലും, അവയിൽ കയറുകയോ പൂക്കൾ പറിക്കുകയോ ശാഖകൾ കുലുക്കുകയോ ചെയ്യരുതെന്ന് സിറ്റി അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. നിരവധി സിറ്റി പാർക്കുകൾ, എക്സിബിഷൻ പ്ലേസ് ഗ്രൗണ്ടുകൾ, യൂണിവേഴ്സിറ്റി ഓഫ് ടൊറൻ്റോ, യോർക്ക് യൂണിവേഴ്സിറ്റി കാമ്പസുകൾ എന്നിവയുൾപ്പെടെ ടൊറൻ്റോയിലുടനീളമുള്ള നിരവധി സ്ഥലങ്ങളിൽ ചെറി ബ്ലോസം മരങ്ങൾ കാണാമെന്ന് സിറ്റി അറിയിച്ചു.