എഡ്മിന്‍റൻ : മുനിസിപ്പൽ പ്രോപ്പർട്ടി ടാക്സ് നിരക്ക് 5.7 ശതമാനമായി നിശ്ചയിച്ച് എഡ്മിന്‍റൻ സിറ്റി കൗൺസിൽ. 2025-ലെ വാർഷിക ബജറ്റ് പരിശോധിച്ച ശേഷം ബുധനാഴ്ച രാവിലെ അന്തിമ നിരക്കിന് അംഗീകാരം നൽകിയതായി സിറ്റി കൗൺസിൽ അറിയിച്ചു. ഇതോടെ ഒരു ലക്ഷം ഡോളർ മൂല്യമുള്ള വീടുകൾക്ക് വീട്ടുടമസ്ഥൻ ശരാശരി 763 ഡോളർ മുനിസിപ്പൽ നികുതി അടയ്ക്കേണ്ടി വരും. ഇത് 2024-നെ അപേക്ഷിച്ച് 51 ഡോളർ കൂടുതലാണ്.

വാടക നിരക്കുകൾ, പ്രോപ്പർട്ടി വിൽപ്പന, നിർമ്മാണ ചെലവുകൾ, ഭൂമിയുടെ മൂല്യം എന്നിവയുൾപ്പെടെ നിരവധി വിവര സ്രോതസ്സുകളിൽ നിന്നുമാണ് പ്രോപ്പർട്ടി മൂല്യ എസ്റ്റിമേറ്റ് ലഭിക്കുന്നതെന്ന് നഗരത്തിലെ അസസ്മെൻ്റ് ആൻഡ് ടാക്സേഷൻ ബ്രാഞ്ച് പറയുന്നു. മൊത്തത്തിലുള്ള മാർക്കറ്റ് വിലയുമായി ബന്ധപ്പെട്ട് പ്രോപ്പർട്ടിയുടെ വിലയിരുത്തിയ മൂല്യം മാറിയിട്ടുണ്ടോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കും ഉടമയുടെ നികുതിതുകയിലെ മാറ്റങ്ങൾ.