ഹാലിഫാക്സ് : മെയ് 1 മുതൽ പ്രവിശ്യയിലെ ആശുപത്രികളിൽ രോഗികൾ, ആരോഗ്യ പ്രവർത്തകർ, മറ്റ് സന്ദർശകർ എന്നിവർ പാർക്കിങ് ഫീസ് നൽകേണ്ടതില്ലെന്ന് നോവസ്കോഷ സർക്കാർ. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലെ പാർക്കിങ് ഫീസ് ഇല്ലാതാക്കുമെന്ന് നവംബറിൽ പ്രീമിയർ ടിം ഹ്യൂസ്റ്റൺ വാഗ്ദാനം നൽകിയിരുന്നു.

നോവസ്കോഷ ഹെൽത്ത് അല്ലെങ്കിൽ ഐഡബ്ല്യുകെ ഹെൽത്ത് കേന്ദ്രങ്ങളിൽ പാർക്ക് ചെയ്യുന്ന എല്ലാവരുടെയും ഫീസ് ഇല്ലാതാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്, പ്രീമിയർ ടിം ഹ്യൂസ്റ്റൺ പറഞ്ഞു. ഇനി മുതൽ പ്രവിശ്യാ നിവാസികൾ രോഗികളായിരിക്കുമ്പോഴും ആരോഗ്യ സംരക്ഷണം തേടുമ്പോഴോ നമ്മുടെ പ്രിയപ്പെട്ടവരെ പരിചരിക്കുമ്പോഴോ പാർക്കിങ് ഫീസിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല, അദ്ദേഹം വ്യക്തമാക്കി. ആശുപത്രികളിൽ സൗജന്യ പാർക്കിങ് നടപ്പിലാക്കാൻ ആകെ ചെലവ് പ്രതിവർഷം ഏകദേശം ഒരു കോടി തൊണ്ണൂറ് ലക്ഷം ഡോളർ ആവശ്യമായി വരുമെന്ന് പ്രീമിയർ അറിയിച്ചു.

രോഗികൾ, സന്ദർശകർ, ആരോഗ്യ പ്രവർത്തകർ, ജീവനക്കാർ എന്നിവർ പാർക്കിങ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചില സ്ഥലങ്ങളിൽ ടിക്കറ്റ് വാലിഡേഷൻ സംവിധാനം നടപ്പിലാക്കും. എന്നാൽ അവിടെ പാർക്ക് ചെയ്യാൻ മറ്റുള്ളവർ പണം നൽകേണ്ടി വരും. നോവസ്കോഷ ഹെൽത്തിന് പ്രവിശ്യയിലുടനീളം 97 പാർക്കിങ് ലോട്ടുകളുണ്ട്.