വിൻസർ : കാനഡ-യുഎസ് അതിർത്തിയിൽ നിന്നും കൊക്കെയ്ൻ പിടികൂടിയതായി യുഎസ് കസ്റ്റംസ് ഉദ്യോഗസ്ഥർ. ഡിട്രോയിറ്റ്-വിൻസർ അതിർത്തിയിൽ നിന്നും 100 പൗണ്ടിലധികം കൊക്കെയ്നാണ് പിടികൂടിയത്. ഏപ്രിൽ 20-നാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ഒരു കനേഡിയൻ പൗരനെ അറസ്റ്റ് ചെയ്തതായി യുഎസ് അധികൃതർ അറിയിച്ചു.

യുഎസിൽ നിന്നും കാനഡയിലേക്ക് പ്രവേശിച്ച ട്രാൻസ്പോർട്ട് ട്രക്കിനുള്ളിൽ രണ്ട് ഡഫിൾ ബാഗുകളിലായി ഒളിപ്പിച്ച 193 പൗണ്ട് (87.55 കിലോഗ്രാം) കൊക്കെയ്ൻ കണ്ടെത്തിയതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അറിയിച്ചു. അറസ്റ്റിനുശേഷം, ജോർജിയയിലേക്ക് പച്ചക്കറികൾ കൊണ്ടുപോകാൻ യുഎസിൽ പ്രവേശിച്ചതായി പ്രതി അറിയിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ടെന്നസിയിൽ വെച്ച് തന്‍റെ ട്രക്ക് തകരാറിലായതായും മറ്റൊരു ഡ്രൈവർ ഷിപ്പ്‌മെൻ്റ് മാറ്റി, തുടർന്ന് ട്രെയിലർ ഇല്ലാതെ കാനഡയിലേക്ക് പോന്നതായി പ്രതി പറഞ്ഞു. എന്നാൽ ഏപ്രിൽ 20-ന് മിഷിഗണിൽ നിന്നാണ് പ്രതി യഥാർത്ഥത്തിൽ ട്രെയിലർ എടുത്തതെന്ന് യുഎസ് അധികൃതർ പറയുന്നു. പിന്നീട്, കാനഡയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

മാർച്ച് 22-ന് ശേഷം കാനഡയിലേക്ക് മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുന്ന മൂന്നാമത്തെ സംഭവമാണിതെന്ന് യുഎസ് കസ്റ്റംസ് അറിയിച്ചു. മാർച്ച് 21-നാണ് ആദ്യത്തെ സംഭവം. വാഹനപരിശോധനയ്ക്കിടെ ഒരു ട്രാക്കിൽ നിന്നും 116 പൗണ്ട് (52.96 കിലോഗ്രാം) കൊക്കെയ്ൻ പിടിച്ചെടുത്തതായി അധികൃതർ പറയുന്നു. ഏപ്രിൽ 15-ന്, അംബാസഡർ പാലത്തിന് സമീപം കസ്റ്റംസ് ഉദ്യോഗസ്ഥർ 339 പൗണ്ട് (154 കിലോഗ്രാം) കൊക്കെയ്ൻ പിടിച്ചെടുത്തതായും ആ കേസിൽ, ഒരു ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തതായും യുഎസ് അധികൃതർ പറഞ്ഞു.