റെജൈന : വിദേശ വിദ്യാർത്ഥികളുടെ അടക്കം ട്യൂഷൻ ഫീസ് വർധിപ്പിച്ച് റെജൈന സർവകലാശാല. 2025-26 അധ്യയന വർഷത്തെ മിക്ക ട്യൂഷൻ ഫീസും നാല് ശതമാനം വർധിക്കുമെന്ന് സർവകലാശാല അറിയിച്ചു. പണപ്പെരുപ്പം, ഇമിഗ്രേഷൻ നിയന്ത്രണങ്ങളിലെ മാറ്റങ്ങൾ, ഭൗമരാഷ്ട്രീയ അനിശ്ചിതത്വം എന്നിവയാണ് ഫീസ് വർധനയ്ക്ക് കാരണമെന്നും സർവകലാശാല ഗവർണേഴ്‌സ് ബോർഡ് പറയുന്നു.

വിദേശവിദ്യാർത്ഥികൾക്ക് ഫെഡറൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം കാനഡയിലുടനീളമുള്ള പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. റെജൈന സർവകലാശാലയും പ്രതിസന്ധിയിലാണെന്നും സർവകലാശാല പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി തുടരുകയാണെങ്കിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കൽ അടക്കമുള്ള നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും സർവകലാശാല ഗവർണേഴ്‌സ് ബോർഡ് അറിയിച്ചു. എന്നാൽ, ഒഴിവുള്ള തസ്തികകൾ നികത്താതെ ജീവനക്കാരെ കുറയ്ക്കുന്നത് പരമാവധി ഒഴിവാക്കുമെന്നും സർവകലാശാല റിപ്പോർട്ട് ചെയ്തു.