കീവ്: ധാതുകരാറിൽ ഔദ്യോഗികമായി ഒപ്പിട്ട് യുഎസും യുക്രെയ്നും. രണ്ടു മാസത്തെ കാലതാമസത്തിനു ശേഷമാണ് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പിട്ടത്. സെലൻസ്കി ഭരണകൂടത്തിനുള്ള സൈനിക സഹായം നിർത്തലാക്കിയതിനു പിന്നാലെ യുഎസ് മുന്നോട്ട് വച്ച നിർദേശങ്ങൾ ഒടുവിൽ യുക്രെയ്ന് അംഗീകരിക്കേണ്ടി വന്നിരിക്കുകയാണ്.

നേരത്തെ വൈറ്റ് ഹൗസിൽ വച്ച് ധാതു കരാറിൽ ഒപ്പുവയ്ക്കാൻ എത്തിയ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി, ട്രംപുമായുള്ള വാക്കുതർക്കത്തെ തുടർന്ന് തീരുമാനത്തിൽനിന്ന് പിന്നോട്ടു പോയിരുന്നു. യുക്രെയ്ന്റെ ആകെ ധാതുസമ്പത്തിന്റെ 50 ശതമാനം യുഎസിന് വേണമെന്നാണ് ട്രംപ് മുന്നോട്ട് വച്ച കരാർ. മൂന്നു വർഷത്തിലേറെയായി യുദ്ധം തുടരുന്ന യുക്രെയ്ന്റെ ഭൂമേഖലയുടെ ഏകദേശം 20 ശതമാനം റഷ്യ കൈവശപ്പെടുത്തിയിട്ടുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുക്രെയ്നോടുള്ള യുഎസിന്റെ പ്രതിബദ്ധത ഇനി മുതൽ പുതിയ രൂപത്തിലായിരിക്കുമെന്നാണ് കരാറിനെ കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചത്.