വൻകൂവർ : വ്യാഴാഴ്ച ഫിഷ് ക്രീക്ക് കമ്മ്യൂണിറ്റി ഫോറസ്റ്റിലുണ്ടായ കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി മേഖലയിലെ താമസക്കാരോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ച് സിറ്റി. റോസ് പ്രൈറി റോഡിൽ നിന്നും ജോൺസ് സബ്ഡിവിഷൻ പ്രദേശത്തുനിന്നും ഒഴിപ്പിക്കപ്പെട്ടവരോട് പോമെറോയ് സ്‌പോർട്‌സ് സെന്ററിലേക്ക് പോകാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഒഴിപ്പിക്കപ്പെട്ട ആളുകളുടെ എണ്ണമോ കൂടുതൽ വിശദാംശങ്ങളോ പുറത്തുവന്നിട്ടില്ല. വ്യാഴാഴ്ച കത്തിപ്പടരുന്ന കാട്ടുതീ വൈകുന്നേരം 7:32 വരെ ഏകദേശം 0.56 ചതുരശ്ര കിലോമീറ്റർ വേറെ വ്യാപിച്ചതയാണ് ബ്രിട്ടിഷ് കൊളംബിയ വൈൽഡ്‌ഫയർ സർവീസ് വെബ്‌സൈറ്റ് സൂചിപ്പിക്കുന്നത്.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ഫോർട്ട് സെന്റ് ജോൺ, ടെയ്‌ലർ, ചാർലി ലേക്ക് എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാരോടൊപ്പം 12 അഗ്നിശമന സേനാംഗങ്ങളും രണ്ട് ഹെലികോപ്റ്ററുകളും എയർടാങ്കറുകളും ഇപ്പോൾ പ്രവർത്തന സജ്ജമാണ്. പ്രവിശ്യയുടെ എമർജൻസി ഡിപ്പാർട്ടമെന്റ് മിനിസ്റ്റർ കെല്ലി ഗ്രീൻ ആളുകളോട് സുരക്ഷിതരായിരിക്കാനും ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നതായും വ്യക്തമാക്കി. വ്യാഴാഴ്ച പ്രവിശ്യയിൽ കത്തിപ്പടരുന്ന ഒരു കാട്ടുതീ മാത്രമാണിത്. കൂടാതെ വർധിച്ചുവരുന്ന ചൂടും ശക്തമായ കാറ്റും ബ്രിട്ടിഷ് കൊളംബിയയുടെ തെക്കൻ ഭാഗങ്ങളിൽ തീപിടുത്ത സാധ്യത വർധിപ്പിക്കുന്നതായി പ്രവിശ്യാ സർക്കാർ മുന്നറിയിപ്പ് നൽകി.

അതേസമയം, കാട്ടുതീയിൽ തെക്ക് ടംബ്ലർ റിഡ്ജിലുള്ള മൗണ്ടീസിന്റെ ഫൈബർ ഒപ്റ്റിക് കണക്ഷൻ പൂർണമായും കത്തിനശിക്കുകയും ടെലിഫോൺ, സെൽഫോൺ, റേഡിയോ, ഇന്റർനെറ്റ് സേവനങ്ങൾ പൂർണമായും തകരാറിലാവുകയും ചെയ്തു. മേഖലയിൽ പൊലീസ് സഹായം ആവശ്യമുള്ളവർ ഡിറ്റാച്ച്‌മെന്റിലേക്ക് എത്തിച്ചേരാൻ ആർസിഎംപി നിർദേശം നൽകിയിട്ടുണ്ട്. ഡോസൺ ക്രീക്ക് പ്രദേശത്തെ അതേ ക്ലസ്റ്ററിൽ ഉണ്ടായ മറ്റ് മൂന്ന് കാട്ടുതീ അണച്ചതായി സേന വ്യക്തമാക്കി. മേഖലയിൽ കാറ്റ് ശമിക്കുന്നതുവരെ തുറന്ന സ്ഥലങ്ങളിൽ തീയിടരുതെന്ന് വനം മന്ത്രാലയം വ്യാഴാഴ്ച നേരത്തെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.