ഓട്ടവ : പാക്കേജിൽ രണ്ട് ഗുളികകളുടെ കുറവുള്ളതിനാൽ സീസോണിക് ബ്രാൻഡ് ഗർഭനിരോധന ഗുളികകൾ തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ. ടെവ കാനഡ ലിമിറ്റഡിന്‍റെ സീസോണിക് ബർത്ത് കൺട്രോൾ ഗുളികളുടെ പാക്കേജിൽ നിന്ന് രണ്ട് ഗുളികകൾ നഷ്ടപ്പെട്ടേക്കാമെന്നും ഇത് ഉൽപ്പന്നം ഉപയോഗിക്കുന്നവർക്ക് ഗർഭധാരണ സാധ്യത വർധിപ്പിക്കുമെന്നും ആരോഗ്യ ഏജൻസി മുന്നറിയിപ്പ് നൽകി.

ഒരു പാക്കേജിൽ 13 ആഴ്ച (91 ദിവസം) കഴിക്കാനുള്ള 84 ഇളം നീല-പച്ച ഗുളികകളും ഏഴ് മഞ്ഞ ഗുളികകളുമാണ് ഉള്ളത്. എന്നാൽ, പാക്കേജിൽ രണ്ട് ഇളം നീല-പച്ച ഗുളികകൾ നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു. പാക്കേജിൽ ഏതെങ്കിലും ഗുളികകൾ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, മരുന്ന് കഴിക്കുന്നത് നിർത്തുകയോ ഏതെങ്കിലും ഡോസുകൾ ഒഴിവാക്കുകയോ ചെയ്യരുത്. കൂടാതെ എത്രയും വേഗം ബദൽ ഉൽപ്പന്നം വാങ്ങണമെന്നും ഹെൽത്ത് കാനഡ നിർദ്ദേശിച്ചു. ഉപയോക്താക്കൾ ഒരു ഡോസും ഒഴിവാക്കരുതെന്നും ബദൽ ഗർഭനിരോധന ഉൽപ്പന്നത്തിനോ വേണ്ടി ഫാർമസിയിലേക്ക് തിരികെ നൽകണമെന്നും ഹെൽത്ത് കാനഡ അറിയിച്ചു.
