വിനിപെഗ് : നഗരത്തിലുടനീളം വ്യാജ കനേഡിയൻ നോട്ടുകൾ വൻതോതിൽ പ്രചരിക്കുന്നതായി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി വിനിപെഗ് പൊലീസ് സർവീസ്. വർഷാരംഭം മുതൽ, നഗരത്തിൽ നിന്നും ഏകദേശം 12,000 ഡോളറിന്‍റെ വ്യാജ കറൻസി പിടിച്ചെടുത്തിട്ടുണ്ടെന്ന് ഫിനാൻഷ്യൽ ക്രൈം യൂണിറ്റ് (FCU) അറിയിച്ചു.

വ്യാജ നോട്ടുകൾ യഥാർത്ഥ പോളിമർ നോട്ടുകളോട് വളരെ സാമ്യമുള്ളതും പലപ്പോഴും അവയെ തിരിച്ചറിയാൻ പ്രയാസമായ സുരക്ഷാ സവിശേഷതകളും ഉണ്ടെന്ന് അധികൃതർ പറയുന്നു. എന്നാൽ, ഹോളോഗ്രാഫിക് സ്ട്രിപ്പിനൊപ്പം ചെറിയ കറുത്ത അക്ഷരങ്ങളിൽ റിവേഴ്‌സിൽ അച്ചടിച്ചതും ഹോളോഗ്രാഫിനുള്ളിൽ തന്നെ ഉൾപ്പെടുത്തിയതുമായ “പ്രോപ്പ് മണി” എന്ന വാക്കുകൾ ഉപയോഗിച്ച് വ്യാജ കറൻസികളെ തിരിച്ചറിയാൻ കഴിയും. 20, 50, 100 ഡോളറിലുള്ള വ്യാജ കറൻസികൾ GJR6710018 മുതൽ GJR6710022 വരെയുള്ള സീരിയൽ നമ്പറുകളിലായി കണ്ടെത്തിയിട്ടുണ്ട്. സൂക്ഷ്മമായ നിറവ്യത്യാസങ്ങൾ, തേഞ്ഞ ചിത്രങ്ങൾ, ചുളിവുകൾ, കടലാസ് പോലുള്ള ഘടന, നോട്ടിനൊപ്പം ചേരാത്ത ഹോളോഗ്രാഫിക് സ്ട്രിപ്പ് തുടങ്ങിയവ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വ്യാജ കറൻസി ലഭിക്കുന്നവർ ധനകാര്യ സ്ഥാപനവുമായോ ബാങ്ക് ഓഫ് കാനഡയുമായി ഓൺലൈനായോ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചു.