ഓട്ടവ : ഈ ആഴ്ച രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി എൻവയൺമെൻ്റ് കാനഡ. അമേരിക്കയിൽ ആരംഭിക്കുന്ന ന്യൂനമർദ്ദം കാരണം തുടക്കത്തിൽ ഒൻ്റാരിയോ, കെബെക്ക് പ്രവിശ്യകളിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. രണ്ടു പ്രവിശ്യകളിലും 20 മുതൽ 40 മില്ലിമീറ്റർ വരെ മഴ പെയ്തേക്കും. ഇവിടെ തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ഒറ്റപ്പെട്ട ഇടിമിന്നലിനും സാധ്യതയുണ്ട്. അതേസമയം, ഒൻ്റാരിയോയിലെയും കെബെക്കിലെയും നോർത്തേൺ കമ്മ്യൂണിറ്റികളിൽ താപനില ഉയരുമെന്നും കാലാവസ്ഥാ പ്രവചനത്തിലുണ്ട്.

എന്നാൽ, രണ്ട് പ്രവിശ്യകളെയും ബാധിക്കുന്ന അതേ കാലാവസ്ഥാ സംവിധാനം ചൊവ്വാഴ്ച രാത്രി അറ്റ്ലാൻ്റിക് കാനഡയിലേക്ക് നീങ്ങുകയും ആഴ്ചാവസാനം വരെ നീണ്ടുനിൽക്കുകയും ചെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മാരിടൈംസിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകാമെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ബുധനാഴ്ച രാത്രി ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിൽ കനത്ത മഴയും ഇടിമിന്നലും പ്രതീക്ഷിക്കുന്നു. പ്രവിശ്യയുടെ നോർത്തേൺ മേഖലയിൽ വ്യാഴാഴ്ച മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം ആൽബർട്ടയിലും സസ്കാച്വാനിലും താപനില ഉയരുകയും വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥാ അനുഭവപ്പെടും. ബ്രിട്ടിഷ് കൊളംബിയ യുടെ ഉൾപ്രദേശങ്ങളിലും വടക്കൻ മേഖലകളിലും മഴയും മഞ്ഞും ഉണ്ടാകുമെന്നും മധ്യ തീരത്ത് ചൊവ്വാഴ്ച ഏറ്റവും കൂടുതൽ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.