ടൊറൻ്റോ : കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഒൻ്റാരിയോ തടാകത്തിൽ നൂറുകണക്കിന് ആൽവൈഫ് മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു. തെക്കൻ എറ്റോബിക്കോയിലെ ഹംബർ ബേ പാർക്ക് വെസ്റ്റിലുള്ള മിമിക്കോ ക്രീക്കിലെ ബോട്ട് ലോഞ്ചിന് സമീപം നൂറുകണക്കിന് ആൽവൈഫ് മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. കൂടാതെ ടൊറൻ്റോ-മിസ്സിസാഗ അതിർത്തിക്കും എയ്ജാക്സിനും ഇടയിൽ ഒൻ്റാരിയോ തടാകത്തിനടുത്തുള്ള ചില സ്ഥലങ്ങളിലും ചത്ത ആൽവൈഫ് മത്സ്യങ്ങൾ കരയ്ക്കടിഞ്ഞിട്ടുണ്ട്. ഒൻ്റാരിയോ തടാകത്തിൽ ധാരാളമായി കാണപ്പെടുന്ന ചെറുതും വെള്ളി നിറമുള്ളതും ഒരു മത്സ്യ ഇനമാണ് ആലെവൈഫ്.

സീസണിൽ മുട്ടയിടാൻ ഒൻ്റാരിയോ തടാകത്തിൽ ലക്ഷക്കണക്കിന് ആൽവൈഫ് മത്സ്യങ്ങളാണ് എത്തുന്നത്. ആഴം കുറഞ്ഞതും ചൂടുള്ളതുമായ വെള്ളവും മണൽ നിറഞ്ഞ പ്രദേശങ്ങളാണ് മുട്ടയിടുന്നതിനായി ഇവ തിരഞ്ഞെടുക്കുന്നത്. എന്നാൽ ആ സ്ഥലങ്ങളിലെ താപനിലയിലെ വ്യതിയാനം മത്സ്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി ടൊറൻ്റോ ആൻഡ് റീജനൽ കൺസർവേഷൻ അതോറിറ്റി സീനിയർ മാനേജർ റിക്ക് പോർട്ടിസ് പറയുന്നു. കഴിഞ്ഞ ആഴ്ച ഈ മേഖലയിലുണ്ടായ കൊടുങ്കാറ്റും കനത്ത മഴയും ആഴമേറിയ പ്രദേശത്ത് നിന്ന് തണുത്ത ജലത്തെ ഉപരിതലത്തിലേക്ക് എത്തിച്ചതായി അദ്ദേഹം പറയുന്നു. ഇതോടെ ഇതിനകം തന്നെ ചൂടുവെള്ളവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞ മുട്ടയിടാൻ വന്ന മത്സ്യങ്ങളെ പ്രതികൂലമായി ബാധിച്ചു. ഇത് മത്സ്യങ്ങൾ ചത്തൊടുങ്ങുന്നതിന് കാരണമായതായി റിക്ക് പോർട്ടിസ് പറഞ്ഞു.