ഓട്ടവ : പാർലമെൻ്റിൽ പാർട്ടിയെ നയിക്കാൻ മുൻ പാർട്ടി ലീഡറും സസ്കാച്വാൻ എംപിയുമായ ആൻഡ്രൂ ഷീറിനെ കൺസർവേറ്റീവ് കോക്കസ് തിരഞ്ഞെടുത്തു. മെയ് 26-ന് പാർലമെൻ്റ് സമ്മേളനം ആരംഭിക്കുമ്പോൾ ഹൗസ് ഓഫ് കോമൺസിൽ അദ്ദേഹം പ്രതിപക്ഷ നേതാവിന്‍റെ ചുമതലകൾ ഏറ്റെടുക്കും. തിരഞ്ഞെപ്പ് പരാജയത്തിന് ശേഷം മുന്നോട്ടുള്ള പാത ആസൂത്രണം ചെയ്യുന്നതിനായി ഓട്ടവയിൽ ചേർന്ന കൺസർവേറ്റീവ് പാർട്ടിയുടെ യോഗത്തിലാണ് തീരുമാനം. 20 വർഷത്തിനു ശേഷം കൺസർവേറ്റീവ് ലീഡർ പിയേർ പൊളിയേവ് കാൾട്ടൺ റൈഡിങിൽ പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയ ഇടക്കാല പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തത്.

പിയേർ പൊളിയേവ് പാർലമെൻ്റിലേക്ക് മടങ്ങിയെത്തുന്നത് വരെ പ്രതിപക്ഷ നേതാവായി തുടരുമെന്ന് കോക്കസ് യോഗത്തിന് ശേഷം ആൻഡ്രൂ ഷീർ പ്രതികരിച്ചു. അതേസമയം പിയേർ പൊളിയേവ് ആൽബർട്ടയിലെ ബാറ്റിൽ റിവർ- ക്രൗഫൂട്ട് റൈഡിങ്ങിൽ നിന്നും വീണ്ടും പാർലമെൻ്റിലേക്ക് മത്സരിക്കും. ഈ റൈഡിങ്ങിൽ പാർട്ടി നേതാവിന് മത്സരിക്കാൻ അവസരം നൽകുന്നതിനായി നിലവിലെ എംപി ഡാമിയൻ കുറേക് സീറ്റ് ഒഴിഞ്ഞുകൊടുക്കാൻ സന്നദ്ധതയറിയിച്ചതോടെയാണ് പൊളിയേവ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നത്.