എഡ്മിന്‍റൻ : ഗ്രാൻഡ് പ്രെയറി നഗരത്തിന് സമീപം പടർന്നുപിടിച്ച കാട്ടുതീയുടെ 90 ശതമാനവും അണച്ചതായി റീജനൽ ഫയർ സർവീസ് മേധാവി ട്രെവർ ഗ്രാൻ്റ്. ഇതോടെ നഗരത്തിൽ പ്രാബല്യത്തിലുണ്ടായിരുന്ന ഒഴിപ്പിക്കൽ ഉത്തരവ് പിൻവലിച്ചു. 65,000 ജനസംഖ്യയുള്ള നഗരത്തിന് ഏകദേശം നാല് കിലോമീറ്റർ അകലെയുള്ള റേഞ്ച് റോഡ് 64-നും ടൗൺഷിപ്പ് റോഡ് 710-നും സമീപം ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് കാട്ടുതീ പടർന്നു പിടിച്ചത്. കാട്ടുതീ 80 ഹെക്ടർ പ്രദേശത്ത് വ്യാപിച്ചിരുന്നു.

മണിക്കൂറിൽ 60-65 കിലോമീറ്റർ വേഗത്തിൽ വീശിയ ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും കാട്ടുതീ പടരുന്നതിന് കാരണമായതായി ട്രെവർ ഗ്രാൻ്റ് പറയുന്നു. തീ ശക്തിപ്രാപിച്ചതോടെ നഗരത്തിന് തെക്ക് ഭാഗത്തുള്ള അമ്പത് വീടുകൾ ഒഴിപ്പിച്ചു. നിലവിലെ അവസ്ഥയിൽ നഗരത്തിന് അപകടസാധ്യതയില്ലെന്നും വീടുകളോ മറ്റു കെട്ടിടങ്ങളോ നശിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഗ്രാൻഡ് പ്രെയറി നഗരത്തിന് സമീപമുള്ള ബീവർലോഡ്ജ്, സെക്സ്മിത്ത്, വെംബ്ലി എന്നിവിടങ്ങളിൽ തീപിടുത്ത നിരോധനം പ്രാബല്യത്തിലുണ്ട്.