എഡ്മിന്‍റൻ : അനിയന്ത്രിതമായി കത്തിപ്പടരുന്ന കാട്ടുതീ കാരണം എഡ്മിന്‍റനു സമീപമുള്ള സ്റ്റർജിയൻ കൗണ്ടിയിൽ ജനങ്ങളെ ഒഴിപ്പിക്കുന്നു. റേഞ്ച് റോഡ് 211 ഈസ്റ്റ് മുതൽ റേഞ്ച് റോഡ് 203 വരെയും ടൗൺഷിപ്പ് റോഡ് 580 സൗത്തിനും ടൗൺഷിപ്പ് റോഡ് 573-നും ഇടയിൽ താമസിക്കുന്നവർക്കാണ് ഒഴിപ്പിക്കൽ ഉത്തരവ് നൽകിയിരിക്കുന്നത്. ഒഴിപ്പിക്കുന്നവർക്കായി ആൽബർട്ട റെഡ്‌വാട്ടറിലെ പെമ്പിന പ്ലേസിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒഴിപ്പിച്ചവർ പെമ്പിന പ്ലേസിൽ എത്തി രജിസ്റ്റർ ചെയ്യണമെന്നും ഭാവിയിൽ കൂടുതൽ സഹായം ലഭിക്കുന്നതിന് ഇത് അനിവാര്യമാണെന്നും സ്റ്റർജിയൻ കൗണ്ടി അധികൃതർ അറിയിച്ചു.

റെഡ്‌വാട്ടർ പ്രൊവിൻഷ്യൽ റിക്രിയേഷൻ മേഖലയിൽ ഒരു എടിവിക്ക് തീപിടിച്ചതാണ് ശനിയാഴ്ച മുതൽ കത്തിക്കൊണ്ടിരിക്കുന്ന സ്റ്റർജിയൻ കൗണ്ടി കാട്ടുതീക്ക് കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വൈദ്യുത അല്ലെങ്കിൽ മെക്കാനിക്കൽ തകരാറുമൂലമാണ് കാട്ടുതീ ഉണ്ടായതെന്നും കരുതപ്പെടുന്നു. തിങ്കളാഴ്ച വരെ ഏകദേശം 400 ഹെക്ടറിൽ കാട്ടുതീ പടർന്നതായി കണക്കാക്കപ്പെടുന്നു. പ്രവിശ്യയിലുടനീളമുള്ള ചൂടുള്ള, വരണ്ട, കാറ്റുള്ള കാലാവസ്ഥയാണ് കാട്ടുതീ പടരുന്നതിന് പ്രധാന കാരണമെന്ന് ആൽബർട്ട വൈൽഡ്‌ഫയർ പറയുന്നു.
