വാഷിംഗ്ടൺ ഡി സി : ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, പ്രധാനമന്ത്രി മാർക്ക് കാർണി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കൂടിക്കാഴ്ചയ്ക്ക് വൈറ്റ് ഹൗസിൽ തുടക്കമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമായിരിക്കെ, കാനഡയിലെ തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായിട്ടാണ് ഇരുനേതാക്കളും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്.

“കാനഡ വളരെ കഴിവുള്ള ഒരാളെയാണ് തിരഞ്ഞെടുത്തതെന്ന് ഞാൻ കരുതുന്നു,” കാർണിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. “ഏറ്റവും മികച്ച തിരിച്ചുവരവുകളിൽ ഒന്ന്… ഒരുപക്ഷേ എന്റേതിനേക്കാൾ മികച്ചത്” എന്ന് കാർണിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ അദ്ദേഹം വിശേഷിപ്പിച്ചു.

വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാ, വിദേശകാര്യ മന്ത്രി മെലനി ജോളി, പൊതുസുരക്ഷാ മന്ത്രി ഡേവിഡ് മക്ഗിൻ്റി, അമേരിക്കയിലെ കാനഡ അംബാസഡർ കിർസ്റ്റൺ ഹിൽമാൻ, പ്രിവി കൗൺസിൽ ക്ലർക്ക് ജോൺ ഹന്നഫോർഡ്, ചീഫ് ഓഫ് സ്റ്റാഫ് മാർക്കോ മെൻഡിസിനോ, മുതിർന്ന ഉപദേഷ്ടാവ് ലിസ ജോർഗെൻസൺ എന്നിവരും പ്രധാനമന്ത്രി മാർക്ക് കാർണിയ്‌ക്കൊപ്പം കൂടിക്കാഴ്ചയ്ക്ക് എത്തിയിട്ടുണ്ട്.