ന്യൂഡല്‍ഹി : കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടി. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്തു. പാക്ക് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും ഇന്ത്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോട്‌ലി, മുസാഫറാബാദ്, ബഹവൽപുർ, മുരിഡ്‌ക് എന്നിവിടങ്ങളാണ് ആക്രമിച്ചതെന്നാണ് സൂചന. നീതി നടപ്പാക്കിയെന്ന് സമൂഹമാധ്യമങ്ങളിലൂടെ സേന അറിയിച്ചു.

അതേസമയം അഞ്ചിടത്ത് മിസൈൽ ആക്രമണമുണ്ടായെന്നും മൂന്നു പേർ കൊല്ലപ്പെട്ടെന്നും 12 പേർക്ക് പരുക്കേറ്റെന്നും പാക്കിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചു. പഹൽഗാം ഭീകരാക്രമണമുണ്ടായതിന്റെ പതിനാലാം ദിവസമാണ് ഇന്ത്യയുടെ തിരിച്ചടി. പഹൽഗാം ഭീകരാക്രമണത്തിൽ ഒരു മലയാളി ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടിരുന്നു.