ടൊറൻ്റോ : രാജ്യത്ത് തുടരുന്ന സാമ്പത്തിക രംഗത്തെ അനിശ്ചിതത്വം കാരണം ഗ്രേറ്റർ ടൊറൻ്റോ മേഖലയിലെ വീടുകളുടെ വിൽപ്പന ഏപ്രിലിൽ 23.3% കുറഞ്ഞു. 2024 ഏപ്രിലിൽ 7,302 വീടുകളുടെ വിൽപ്പന നടന്നെങ്കിൽ ഈ ഏപ്രിലിൽ 5,601 വീടുകൾ മാത്രമാണ് വിറ്റഴിക്കപ്പെട്ടതെന്ന് ടൊറൻ്റോ റീജനൽ റിയൽ എസ്റ്റേറ്റ് ബോർഡ് അറിയിച്ചു. എന്നാൽ, മാർച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിലിൽ വീടുകളുടെ വിൽപ്പന 1.8% വർധിച്ചതായും ബോർഡ് റിപ്പോർട്ട് ചെയ്തു. അതേസമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8.1% വർധനയിൽ കഴിഞ്ഞ മാസം ജിടിഎയിൽ 18,836 പുതിയ വീടുകൾ വിൽപ്പനയ്ക്കായി വിപണയിൽ എത്തിയിട്ടുണ്ട്.

വീടുകളുടെ ശരാശരി വില ഒരു വർഷം മുമ്പത്തെതിനേക്കാൾ 4.1% കുറഞ്ഞ് 1,107,463 ഡോളറായി. സജീവ ലിസ്റ്റിങ്ങുകൾ കഴിഞ്ഞ മാസം 27,386 ആയി. 2024 ഏപ്രിലിലെ 17,783 യൂണിറ്റുകളുടെ ഇൻവെന്‍ററിയിൽ നിന്ന് 54% കൂടുതലാണിത്. ടൊറൻ്റോ നഗരത്തിൽ കഴിഞ്ഞ മാസം 2,129 വീടുകളുടെ വിൽപ്പന നടന്നു. 2024 ഏപ്രിലിനെ അപേക്ഷിച്ച് 17.7% കുറവാണിത്. മേഖലയിലുടനീളം ഒരു വർഷം മുമ്പുള്ളതിനേക്കാൾ ഏപ്രിലിൽ എല്ലാ തരത്തിലുള്ള വീടുകളുടെയും വിൽപ്പന കുറഞ്ഞു. കോണ്ടോ വിപണിയിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയതെന്ന് ബോർഡ് പറയുന്നു. ഏപ്രിലിൽ കോണ്ടോ വിൽപ്പന 30.4% കുറവ് രേഖപ്പെടുത്തി. ടൗൺഹൗസുകളുടെ വിൽപ്പനയിൽ 22.9% കുറവും ഡിറ്റാച്ച്ഡ് വീടുകളുടെ വിൽപ്പന 21.7% കുറവും ഉണ്ടായി. സെമി-ഡിറ്റാച്ച്ഡ് വീടുകളുടെ വിൽപ്പന 10% കുറവായിരുന്നു.

ഇൻവെന്‍ററി വർധിക്കുകയും വീടുകളുടെ വില കുറയുകയും ചെയ്യുന്നതിനാൽ, ഭവനവിപണിയിൽ ഒരു തിരിച്ചുവരവിനുള്ള സാധ്യത നിലനിൽക്കുന്നതായി ബോർഡ് പറയുന്നു. പക്ഷേ സാമ്പത്തിക അനിശ്ചിതത്വം അവസാനിക്കാതെ ഇതിന് മാറ്റം ഉണ്ടാകാൻ സാധ്യതയിലെന്നും ടൊറൻ്റോ റീജനൽ റിയൽ എസ്റ്റേറ്റ് ബോർഡ് അറിയിച്ചു.