ടൊറൻ്റോ : കഴിഞ്ഞ വർഷമുണ്ടായ സൈബർ ആക്രമണത്തിൽ മോഷ്ടിക്കപ്പെട്ട ഡാറ്റ മോചനദ്രവ്യം നൽകിയിട്ടും നശിപ്പിച്ചിട്ടില്ലെന്ന് ടൊറൻ്റോ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡിൽ (TDSB). 2024 ഡിസംബറിൽ പവർസ്കൂൾ സോഫ്റ്റ്‌വെയറിലുണ്ടായ സൈബർ ആക്രമണത്തിൽ 1985 മുതലുള്ള വിദ്യാർത്ഥികളുടെ പേരുകൾ, ജനനത്തീയതികൾ, ഹെൽത്ത് കാർഡ് നമ്പറുകൾ, മെഡിക്കൽ വിവരങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ മോഷ്ടിക്കപ്പെട്ടിരുന്നു. എന്നാൽ, സോഷ്യൽ ഇൻഷുറൻസ് നമ്പറുകളും ബാങ്കിങ് വിവരങ്ങളും പവർസ്കൂൾ സോഫ്റ്റ്‌വെയറിൽ സൂക്ഷിക്കാത്തതിനാൽ ആ വിവരങ്ങളെ സൈബർ ആക്രമണത്തിന് വിധേയമായില്ല. മറ്റ് GTA സ്കൂൾ ബോർഡുകളും സൈബർ ആക്രമണം നേരിട്ടിരുന്നു.

എന്നാൽ, ആ സമയത്ത് ഹാക്കർമാർ മോഷ്ടിച്ച ഡാറ്റ ഇല്ലാതാക്കിയെന്നും ഡാറ്റയുടെ പകർപ്പുകൾ ഓൺലൈനിൽ പോസ്റ്റ് ചെയ്‌തിട്ടില്ലെന്നും സ്കൂൾ ബോർഡുകളോട് പവർസ്കൂൾ പറഞ്ഞിരുന്നു. കൂടാതെ മോഷ്ടിച്ച ഡാറ്റ നശിപ്പിക്കാൻ മോചനദ്രവ്യം നൽകിയിരുന്നതായും പവർസ്കൂൾ അറിയിച്ചിരുന്നു. എന്നാൽ, ഈ ആഴ്ച ആദ്യം, ഡാറ്റ നശിപ്പിക്കപ്പെട്ടിട്ടില്ലെന്ന് ഹാക്കർമാർ അറിയിച്ചതായി ടിഡിഎസ്ബി റിപ്പോർട്ട് ചെയ്തു. പ്രശ്നപരിഹാരത്തിനായി പവർസ്കൂൾ, ലോ എൻഫോഴ്‌സ്‌മെൻ്റ്, ഒൻ്റാരിയോ പ്രൈവസി കമ്മീഷണർ എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ടിഡിഎസ്ബി അറിയിച്ചു. അതേസമയം പവർസ്കൂൾ സൈബർ ആക്രമണം നേരിട്ട സ്കൂൾ ബോർഡുകൾക്ക് രണ്ട് വർഷത്തെ കോംപ്ലിമെന്‍ററി ക്രെഡിറ്റ് മോണിറ്ററിങും ഐഡൻ്റിറ്റി പ്രൊട്ടക്ഷൻ സേവനങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.