Tuesday, October 14, 2025

ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം: യാത്രാ മുന്നറിയിപ്പ് നൽകി കാനഡ

ഓട്ടവ : ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച് കാനഡ ഗവൺമെൻ്റ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമീപകാല സൈനിക നടപടികളും പ്രാദേശിക സംഘർഷാവസ്ഥയും കാരണം സുരക്ഷാ അപകടസാധ്യത ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്. ഇരു രാജ്യങ്ങളിലുമുള്ള കനേഡിയൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

മെയ് 7-ന്, പാകിസ്ഥാൻ അധീന കശ്മീരിലെയും പഞ്ചാബ് പ്രവിശ്യയിലെയും ഒന്നിലധികം സ്ഥലങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം വർധിച്ച സാഹചര്യത്തിൽ ലഡാക്ക് ഒഴികെയുള്ള ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശത്തേക്കുള്ള എല്ലാ യാത്രകളും കനേഡിയൻ പൗരന്മാർ ഒഴിവാക്കണമെന്ന് ഫെഡറൽ സർക്കാർ മുന്നറിയിപ്പ് നൽകി. കൂടാതെ പാകിസ്ഥാനുമായുള്ള അതിർത്തി പ്രദേശങ്ങളിലേക്കുമുള്ള എല്ലാ യാത്രകളും ഒഴിവാക്കണം. ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയുടെ 10 കിലോമീറ്ററിനുള്ളിൽ എല്ലാ യാത്രകളും ഒഴിവാക്കാണമെന്നും നിർദ്ദേശമുണ്ട്. കാനഡയും ഇന്ത്യയും തമ്മിലുള്ള മുൻ നയതന്ത്ര വിള്ളൽ കാരണം ബെംഗളൂരു, ചണ്ഡീഗഡ്, മുംബൈ എന്നിവിടങ്ങളിൽ നേരിട്ടുള്ള കോൺസുലാർ സേവനങ്ങൾ താൽക്കാലികമായി ലഭ്യമല്ലെന്നും കനേഡിയൻ സർക്കാർ അറിയിച്ചു.

പ്രവചനാതീതമായ സുരക്ഷാ സാഹചര്യം കാരണം കനേഡിയൻ പൗരന്മാർ പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഫെഡറൽ സർക്കാർ നിർദ്ദേശിച്ചു. തീവ്രവാദം, ആഭ്യന്തര കലാപം, ഇപ്പോൾ സജീവമായ സൈനിക സംഘർഷം തുടങ്ങി നിലവിലുള്ള അപകടസാധ്യത മുൻനിർത്തിയാണ് മുന്നറിയിപ്പ്. മെയ് 7 മുതൽ പാകിസ്ഥാൻ താൽക്കാലികമായി വ്യോമാതിർത്തി അടച്ചതോടെ വിമാന യാത്രയിൽ തടസ്സം നേരിടുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ എന്നിവയുൾപ്പെടെ പ്രധാന പാകിസ്ഥാൻ വിമാനത്താവളങ്ങളിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!