എഡ്മിന്‍റൻ : അമേരിക്കയിലേക്കുള്ള പ്രവിശ്യയുടെ പ്രതിനിധിയായി തിരഞ്ഞെടുത്തതിനെ തുടർന്ന് രാജി പ്രഖ്യാപിച്ച് ആൽബർട്ട നിയമസഭ സ്പീക്കർ നഥാൻ കൂപ്പർ. തിങ്കളാഴ്ച സ്പീക്കർ സ്ഥാനം ഔദ്യോഗികമായി രാജിവയ്ക്കുമെന്ന് കൂപ്പർ പറഞ്ഞു. പുതിയ സ്പീക്കറിനായുള്ള തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും.

പ്രവിശ്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച എട്ടാമത്തെ സ്പീക്കറാണ് നഥാൻ കൂപ്പർ. 340 ചോദ്യോത്തര വേളകളിൽ, 2,000 മണിക്കൂറിലധികം ചർച്ചകളിൽ അദ്ദേഹം അധ്യക്ഷത വഹിച്ചു. 2015-ൽ വൈൽഡ്‌റോസ് പാർട്ടി അംഗമായിട്ടാണ് കൂപ്പർ ആദ്യമായി ഓൾഡ്‌സ്-ഡിഡ്‌സ്ബറി-ത്രീ ഹിൽസിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് വർഷത്തിന് ശേഷം പാർട്ടി പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടിയിൽ ലയിച്ചപ്പോൾ, ഔപചാരിക നേതൃത്വ മത്സരം നടത്തുന്നതിന് മുമ്പ് കൂപ്പർ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടിയുടെ ആദ്യ നേതാവായി. 2019-ലെ പ്രവിശ്യാ തിരഞ്ഞെടുപ്പിനെത്തുടർന്ന് സഹ എംഎൽഎമാർ കൂപ്പറിനെ സ്പീക്കറായി തിരഞ്ഞെടുക്കുകയും 2023-ൽ ആ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്തു.