ടൊറൻ്റോ : ഡെപ്യൂട്ടി മേയറും കൗൺസിലറുമായ ജെന്നിഫർ മക്കെൽവി രാജിവച്ചു. ഫെഡറൽ തിരഞ്ഞെടുപ്പിൽ എയ്ജാക്സ് റൈഡിങ്ങിൽ നിന്നും പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാജി പ്രഖ്യാപനം. വാർഡ് 25 സ്കാർബ്റോ-റൂജ് പാർക്ക് കൗൺസിലർ എന്ന നിലയിൽ വെള്ളിയാഴ്ച ജെന്നിഫർ മക്കെൽവിയുടെ അവസാന ദിവസമായിരിക്കും.

മുൻ ആരോഗ്യമന്ത്രി മാർക്ക് ഹോളണ്ട് പ്രതിനിധീകരിച്ച എയ്ജാക്സ് റൈഡിങ്ങിൽ നിന്നും ലിബറൽ സ്ഥാനാർത്ഥിയായി 56.3% വോട്ടുകൾ നേടിയാണ് ജെന്നിഫർ വിജയിച്ചത്. 2018-ലും 2022-ലും കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുൻ മേയർ ജോൺ ടോറി രാജിവച്ചതിനെത്തുടർന്ന് അവർ ആക്ടിംഗ് മേയർ സ്ഥാനവും വഹിച്ചിരുന്നു. ഒലിവിയ ചൗ ഒടുവിൽ ടൊറൻ്റോ മേയറായി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ ജെന്നിഫർ ഏകദേശം അഞ്ച് മാസത്തോളം ആക്ടിംഗ് മേയറായി സേവനമനുഷ്ഠിച്ചു.