മൺട്രിയോൾ : ഫെർട്ടിലിറ്റി നിരക്ക് ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടും കെബെക്കിൽ റെക്കോർഡ് ജനസംഖ്യാ വളർച്ച രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് ഏജൻസി റിപ്പോർട്ട്. കുടിയേറ്റമാണ് ജനസംഖ്യാ വളർച്ചയ്ക്ക് കാരണമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതേസമയം 2054-ഓടെ പ്രവിശ്യയുടെ ജനസംഖ്യ ഒരു കോടിയിലെത്തുമെന്ന് ഏജൻസി പ്രവചിച്ചു. താൽക്കാലിക വിദേശ തൊഴിലാളികൾ, രാജ്യാന്തര വിദ്യാർത്ഥികൾ, അഭയാർത്ഥികൾ എന്നിവരുൾപ്പെടെ സ്ഥിര താമസക്കാരല്ലാത്തവരുടെ എണ്ണം കുതിച്ചുയർന്നതാണ് 2024-ൽ പ്രവിശ്യയുടെ റെക്കോർഡ് ജനസംഖ്യാ വർധനയ്ക്ക് കാരണം. പ്രവിശ്യയിലെ താൽക്കാലിക കുടിയേറ്റവും സ്ഥിര താമസക്കാരുടെ എണ്ണവും കുറയ്‌ക്കണമെന്ന് പ്രീമിയർ ഫ്രാൻസ്വ ലെഗോൾട്ട് ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെടുന്നു. താൽക്കാലിക കുടിയേറ്റക്കാർ പ്രവിശ്യയുടെ പാർപ്പിടം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം ആരോപിക്കുന്നു.

ആദ്യമായി പ്രവിശ്യയിൽ മരണനിരക്ക്, ജനനനിരക്കിനേക്കാൾ കൂടുതലായിരുന്നിട്ടും കുടിയേറ്റം മൂലം 2024-ൽ പ്രവിശ്യയുടെ മൊത്തം ജനസംഖ്യ ഏകദേശം 155,000 വർധിച്ചു. 2025 ജനുവരിയിൽ കെബെക്ക് ജനസംഖ്യ ഏകദേശം 91 ലക്ഷത്തിലെത്തി. എന്നാൽ, 2023-ൽ രേഖപ്പെടുത്തിയ ഏകദേശം 200,000 ആളുകളുടെ റെക്കോർഡ് വളർച്ചയിൽ നിന്നും കുറവാണിത്. അതേസമയം പുതിയ കുടിയേറ്റക്കാരിൽ മൂന്നിൽ രണ്ട് ഭാഗവും സ്ഥിര താമസക്കാരല്ലാത്തവരാണ്. 2025 ജനുവരിയിലെ കണക്കനുസരിച്ച്, കെബെക്കിൽ ഏകദേശം 617,000 താൽക്കാലിക കുടിയേറ്റക്കാരുണ്ട്. ഇതിൽ ഏകദേശം 274,000 താൽക്കാലിക വിദേശ തൊഴിലാളികളും 180,000 അഭയാർത്ഥികളും 71,000 രാജ്യാന്തര വിദ്യാർത്ഥികളും ഉൾപ്പെടുന്നു. ജനുവരിയിൽ കാനഡയിലെ മൊത്തം അഭയാർത്ഥികളുടെ എണ്ണത്തിൽ 40 ശതമാനവും കെബെക്കിൽ നിന്നാണെന്നും സ്റ്റാറ്റിസ്റ്റിക്സ് ഏജൻസി റിപ്പോർട്ടിൽ പറയുന്നു.

2009 മുതൽ കെബെക്കിലെ ഫെർട്ടിലിറ്റി നിരക്ക് കുറയുന്നത് തുടരുന്നു. പ്രവിശ്യാ ഫെർട്ടിലിറ്റി നിരക്ക് 2024-ൽ ഒരു സ്ത്രീക്ക് 1.33 കുട്ടികൾ എന്ന റെക്കോർഡ് താഴ്ന്ന നിലയിലെത്തി. എന്നാൽ, മിക്ക കനേഡിയൻ പ്രവിശ്യകളേക്കാളും ഉയർന്ന നിരക്കാണിത്. അതേസമയം, ആദ്യമായി പ്രവിശ്യയിലെ മരണനിരക്ക് ജനനനിരക്കിനേക്കാൾ കൂടുതലാണ്. കെബെക്കിൽ വർഷങ്ങളായി നവജാത ശിശുക്കളുടെ എണ്ണം കുറഞ്ഞുവരികയാണ്. 2024-ൽ ജനനനിരക്ക് 77,400 ആയി കുറഞ്ഞപ്പോൾ മരണസംഖ്യ 78,800 ആയി ഉയർന്നു. പ്രവിശ്യയിലെ ആയുർദൈർഘ്യം ശരാശരി 82.7 വർഷമാണ്. സ്ത്രീകൾക്ക് 84.4 വർഷവും പുരുഷന്മാർക്ക് 80.9 വർഷവുമാണ് ആയുർദൈർഘ്യം. 2016 മുതൽ ആ സംഖ്യകളിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല, കാനഡയുടെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതലാണിതെന്ന് റിപ്പോർട്ട് പറയുന്നു.